ബ്രൂവറി അനുമതി; പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സർക്കാർ
text_fieldsതിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ വിവാദ കമ്പനിക്ക് ബ്രൂവറി അനുമതി നൽകാൻ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സർക്കാർ നാടകം.
കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട്ട്, കമ്പനി തുടങ്ങാനുള്ള നിർദേശവുമായി രണ്ടുവർഷം മുമ്പ് ഒയാസിസ് കമ്പനിയെ സർക്കാർ ക്ഷണിച്ചുവരുത്തിയെന്ന് തെളിയിക്കുന്ന രേഖകൾ ‘മാധ്യമ’ത്തിന് ലഭിച്ചു.
സംസ്ഥാന മദ്യനയം മാറുന്നതിന് മുമ്പേ പദ്ധതിക്കാവശ്യമായ ജലം ആവശ്യപ്പെട്ട് ഒയാസിസ് കമ്പനി 2023 ജൂൺ ആറിന് ജലവകുപ്പിന് നൽകിയ അപേക്ഷയിൽ സംസ്ഥാന സര്‍ക്കാർ ക്ഷണിച്ചിട്ടാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കുന്നു. ഒയാസിസ് അപേക്ഷ നല്കിയ അന്നുതന്നെ വെള്ളം നല്‍കാമെന്ന് വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ കമ്പനിയെ അറിയിച്ചതായും രേഖകൾ വ്യക്തമാക്കുന്നു.
ഐ.ഒ.സി അംഗീകാരമുള്ള രാജ്യത്തെ ഏക കമ്പനിയെന്ന് സർക്കാർ പുകഴ്ത്തുന്ന ഒയാസിസിന് ആ അംഗീകാരം ലഭിക്കാനായാണ് ജലമാവശ്യപ്പെട്ട് അപേക്ഷ നൽകിയതെന്നും രേഖകൾ തെളിയിക്കുന്നു. 2023 മേയ് 15ന് ഐ.ഒ.സി ക്ഷണിച്ച ടെൻഡറിന്റെ പ്രീ ബിഡ് തീയതി മേയ് 30ഉം അവസാന തീയതി ജൂലൈ 14 ഉം ആയിരുന്നു. ഇതിനിടെ, 23നാണ് ജലവകുപ്പിനോട് വെള്ളമാവശ്യപ്പെട്ട് ഒയാസിസ് അപേക്ഷ നൽകിയത്. കേരളത്തില്‍ നിന്നടക്കം എഥനോള്‍ ലഭ്യമാക്കണമെന്നാണ് 2023ല്‍ ഐ.ഒ.സി മുന്നോട്ടുവെച്ച താൽപര്യപത്രത്തിലെ നിര്‍ദേശം.
എന്നാല്‍, സംസ്ഥാന മദ്യനയം മാറുന്നതിനും എഥനോള്‍ പ്ലാന്റിന് അംഗീകാരം ഇല്ലാത്തപ്പോഴുമാണ് 2023ല്‍ ഒയാസിസ് ടെന്‍ഡറില്‍ പങ്കെടുത്തതെന്ന ഐ.ഒ.സി രേഖകളും മന്ത്രി എം.ബി. രാജേഷിന്റെ വാദങ്ങൾ കളവെന്ന് തെളിയിക്കുന്നു.
എലപ്പുള്ളിയിൽ ഭൂമി വാങ്ങിയതിനെ തുടർന്ന് ഒയാസിസ് കമ്പനിക്കുവേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയതെന്ന ആരോപണം ശരിവെക്കുന്ന തെളിവുകളാണ് പുറത്തുവന്നത്.
കേരളത്തിലെ മദ്യനയം മാറ്റുന്നതിന് മുമ്പുതന്നെ ഈ കമ്പനിയുമായി സര്‍ക്കാര്‍ ഡീല്‍ ഉറപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിക്കുന്നു. മദ്യനയത്തില്‍ പറഞ്ഞതും പറയാത്തതുമുള്പ്പെടെ എല്ലാ പ്ലാന്റുകളും തുടങ്ങാൻ ഒയാസിസിന് അനുമതി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയും അഴിമതിയുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.