ബ്രൂവറി; അഴിമതി ആരോപിച്ച് പ്രതിപക്ഷം; നുരഞ്ഞുപൊങ്ങി വിവാദം
text_fieldsതിരുവനന്തപുരം: കാൽനൂറ്റാണ്ടിനുശേഷം സംസ്ഥാനത്ത് പുതിയ ബ്രൂവറി അനുവദിക്കാനുള്ള മന്ത്രിസഭാ തിരുമാനം വിവാദത്തിലേക്ക്. സ്വകാര്യ മദ്യകമ്പനിക്ക് അനുകൂലമായ തീരുമാനത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാനത്ത് മദ്യമൊഴുക്കുന്നതാണ് സർക്കാർ തീരുമാനമെന്ന് കുറ്റപ്പെടുത്തി വിവിധ സാമുദായിക സംഘടനകളും മദ്യവിരുദ്ധ പ്രവർത്തകരും രംഗത്തെത്തി. അതേസമയം, എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തീരുമാനമെന്നും എതിർപ്പുകൾ സ്വാഭാവികമെന്നുമാണ് സർക്കാറിന്റെ പ്രതികരണം.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് പുതിയ ബ്രൂവറി തുറക്കാൻ കഴിഞ്ഞദിവസമാണ് മന്ത്രിസഭ അനുമതി നൽകിയത്. ഇൻഡോർ കേന്ദ്രമായുള്ള ഒയാസിസ് കമ്പനിക്കാണ് അനുമതി. 2022ലും ബ്രൂവറി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എതിർപ്പുയർന്നതോടെ സർക്കാർ പിന്മാറുകയായിരുന്നു.
തീരുമാനത്തിന് പിന്നിൽ അഴിമതി ആരോപിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മൂന്ന് ചോദ്യങ്ങൾ ഉന്നയിച്ചു. ഒരു കമ്പനിയെ മാത്രം തെരഞ്ഞെടുത്തതിന്റെ രീതി എന്താണ്...? ടെൻഡർ ക്ഷണിച്ചിരുന്നോ? ജലക്ഷാമം അനുഭവിക്കുന്ന കഞ്ചിക്കോട്ട് ബ്രൂവറി വരുമ്പോഴുണ്ടാകുന്ന വരൾച്ചയെക്കുറിച്ച് പരിസ്ഥിതിപഠനം നടത്തിയിട്ടുണ്ടോ? എന്നിവയാണ് ചോദ്യങ്ങൾ. ഇതേക്കുറിച്ച് സർക്കാർ വിശദീകരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കിയതെന്ന് മാത്രമാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്.
ബ്രൂവറി അനുവദിക്കുന്നത് സംബന്ധിച്ച് ഇടത് മുന്നണിയിലും സി.പി.എമ്മിലും കാര്യമായ കൂടിയാലോചന നടന്നിട്ടില്ലെന്നാണ് സൂചന. അതേസമയം, മുഖ്യമന്ത്രിയുടെ തീരുമാനത്തിന് സി.പി.എം നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, തങ്ങളോട് ആലോചിച്ചില്ലെന്ന ആക്ഷേപം സി.പി.ഐയടക്കം ഘടകകക്ഷികൾക്കുണ്ടെന്നാണ് വിവരം. ബ്രൂവറി അനുവദിക്കുന്നത് അറിഞ്ഞുവോയെന്ന് ഇടത് മുന്നണി ഘടകകക്ഷികൾ പറയണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ചോദിക്കുന്നത് ഭരണപക്ഷത്തെ അതൃപ്തിയിൽ കണ്ണുവെച്ചാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

