കുത്തക തകർത്ത് തലസ്ഥാനം; പതിനാല് സീറ്റിൽ ഏഴെണ്ണത്തിൽ യു.ഡി.എഫ്
text_fieldsകെ. മുരളീധരൻ
തിരുവനന്തപുരം: പതിനാല് സീറ്റുകളും ജയിച്ച് പൂർണാധിപത്യം പ്രതീക്ഷിച്ചിറങ്ങിയ എൽ.ഡി.എഫിന്‍റെ കുത്തക തകർക്കുന്ന പ്രകടനമാണ് തലസ്ഥാന ജില്ലയിൽ കണ്ടത്. തലസ്ഥാനം പിടിക്കുന്നവർ അധികാരം പിടിക്കുമെന്ന ചൊല്ല് ശരിവെക്കുന്ന പ്രകടനമാണ് യു.ഡി.എഫ് കാഴ്ചവെച്ചത്. 14 ൽ ഏഴ് സീറ്റുകളിൽ യു.ഡി.എഫ് ജയിച്ചപ്പോൾ രണ്ടെണ്ണം ബി.ജെ.പിയും പിടിച്ചെടുത്തതോടെ എൽ.ഡി.എഫ് അഞ്ച് സീറ്റുകളിലേക്ക് ചുരുങ്ങി.
വാമനപുരം, ചിറയിൻകീഴ്, നെയ്യാറ്റിൻകര, കാട്ടാക്കട, തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങൾ എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്ത യു.ഡി.എഫ് കോവളം നിലനിർത്തുകയും ചെയ്തു. എൽ.ഡി.എഫിനാകട്ടെ വർക്കല, പാറശാല, അരുവിക്കര, ആറ്റിങ്ങൽ, നെടുമങ്ങാട് മണ്ഡലങ്ങൾ മാത്രമേ നിലനിർത്താനായുള്ളൂ. ബി.ജെ.പി നേമത്ത് കഴിഞ്ഞതവണ എൽ.ഡി.എഫ് പൂട്ടിച്ച അക്കൗണ്ട് തുറക്കുകയും കഴക്കൂട്ടത്ത് അട്ടിമറി ജയം നേടുകയും ചെയ്തു.
കോവളത്ത് എം. വിൻസന്‍റും തിരുവനന്തപുരത്ത് സി.പി. ജോണും വട്ടിയൂർക്കാവിൽ കെ. മുരളീധരനും ജയിക്കുമെന്ന് യു.ഡി.എഫിന് ഉറപ്പായിരുന്നു. എന്നാൽ, അപ്രതീക്ഷിത ജയമാണ് വാമനപുരത്ത് സുധീർഷാ പാലോടും ചിറയിൻകീഴിൽ രമ്യ ഹരിദാസും കാട്ടാക്കടയിൽ എം.ആർ. ബൈജുവും നെയ്യാറ്റിൻകരയിൽ എൻ. ശക്തനും യു.ഡി.എഫിന് സമ്മാനിച്ചത്.
കാട്ടാക്കടയിൽ കന്നിയങ്കത്തിനിറങ്ങിയ എം.ആർ. ബൈജു ഐ.ബി. സതീഷ് എം.എൽ.എയുടെ ഹാട്രിക് പ്രതീക്ഷ ഇല്ലാതാക്കി. പരിചയ സമ്പന്നതയിലൂടെ എൻ. ശക്തൻ ഒരിക്കൽകൂടി നെയ്യാറ്റിൻകര യു.ഡി.എഫിന്‍റേതാക്കി. വാശിയേറിയ പോരാട്ടത്തിൽ ഏറെ വിയർത്താണ് ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും വി. മുരളീധരൻ കഴക്കൂട്ടത്തും ജയിച്ചത്. വർക്കലയിൽ വി. ജോയ്, ആറ്റിങ്ങലിൽ ഒ.എസ്. അംബിക, നെടുമങ്ങാട്ട് മന്ത്രി ജി.ആർ. അനിൽ, പാറശാലയിൽ സി.കെ. ഹരീന്ദ്രൻ, അരുവിക്കരയിൽ ജി. സ്റ്റീഫൻ എന്നീ സിറ്റിങ് എം.എൽ.എമാരെ ജയിപ്പിക്കാനായതിൽ എൽ.ഡി.എഫിന് ആശ്വസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

