ബ്രേക്കിങ് ഡി ലോഗോ പ്രകാശനം
text_fieldsരാസലഹരി വിപത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയൻ സൂപ്പര്‍ എ.ഐയുമായി സഹകരിച്ച് നടപ്പാക്കുന്ന ബ്രേക്കിങ് ഡി പദ്ധതിയുടെ ലോഗോ മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം: രാസലഹരി വിപത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയൻ ആവിഷ്കരിച്ച ബ്രേക്കിങ് ഡി പദ്ധതിയുടെ ലോഗോ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. രാസലഹരികളുടെ ചങ്ങലക്കണ്ണികളെ കുറിച്ച വിവരങ്ങൾ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ഭയപ്പാടില്ലാതെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധ്യമാകുന്നതാണ് പദ്ധതി. ക്യു.ആര് കോഡ് വഴി ആർക്കുവേണമെങ്കിലും പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ ബ്രേക്കിങ് ഡി ആപ്പിലേക്ക് നിര്‍ണായക വിവരങ്ങള്‍ നല്കാന് സാധിക്കും. സ്റ്റാർട്ടപ് സംരംഭമായ സൂപ്പര്‍ എ.ഐയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലെയും പ്രസ്ക്ലബ് ആസ്ഥാനങ്ങളിലും കെ.യു.ഡബ്ല്യു.ജെയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ക്യു.ആർ കോഡ് സ്കാനര്‍ പ്രചാരണം നടക്കും. രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ക്യു.ആർ കോഡ് പോസ്റ്റർ പതിപ്പിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ഒരു വര്‍ഷം നീളുന്ന കാമ്പയിന്റെ ഭാഗമായി വിവിധ ജില്ലകളിൽ പത്രപ്രവർത്തക യൂനിയൻ നേതൃത്വത്തിൽ സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പുകളും നടത്തും. കണ്ണൂരില്‍ വോളിലീഗും, കാസര്‍കോട് വടംവലി ചാമ്പ്യന്‍ഷിപ്പും വയനാട്ടില്‍ ക്രിക്കറ്റ് ലീഗും കോഴിക്കോട് ഫുട്ബാള്‍ ലീഗും തൃശൂരിൽ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പും കാമ്പയിനിന്റെ ഭാഗമായി നടക്കും.
പദ്ധതിയുടെ മെഗാ ലോഞ്ച് ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. ലോഗോ പ്രകാശന ചടങ്ങില്‍ കെ.യു.ഡബ്ല്യു.ജെ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സംസ്ഥാന സമിതി അംഗം വിപുല്‍നാഥ്, ഓഫിസ് സെക്രട്ടറി വി.എം രാജു, സൂപ്പര്‍ എ.ഐ സി.ഇ.ഒ അരുണ്‍ പെരൂളി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

