മസ്തിഷ്കമരണ സ്ഥിരീകരണം: സര്‍ക്കാര്‍ നിരീക്ഷണം കര്‍ശനമാക്കി
text_fieldsതിരുവനന്തപുരം: മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന സമിതിയിലെ സര്‍ക്കാര്‍ഡോക്ടറുടെ സാന്നിധ്യം നിര്‍ബന്ധമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇതോടെ മസ്തിഷ്കമരണവും അവയവദാനവും സര്‍ക്കാര്‍നിരീക്ഷണത്തില്‍ കൂടുതല്‍ സൂക്ഷ്മതയോടെയാവും ഇനി നടക്കുക. അതിന്‍െറ ഭാഗമായി നിലവിലെ നാലംഗസമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും തീരുമാനിച്ചു. അവയവദാനത്തെപ്പറ്റിയുള്ള അജ്ഞത മുതലെടുത്ത് ചിലര്‍ അത് കച്ചവടമാക്കുന്നെന്ന് ഒരു ഡോക്ടര്‍ മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഴുതടച്ച നിരീക്ഷണം ഇക്കാര്യത്തില്‍ കൊണ്ടുവരാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടായാല്‍ അത് ഒഴിവാക്കാന്‍ നടപടികള്‍ വിഡിയോയില്‍ പകര്‍ത്താനും നിര്‍ദേശം നല്‍കി.
രോഗിക്ക് മസ്തിഷ്കമരണം സംഭവിച്ചെന്ന് സ്ഥിരീകരിക്കുന്നത് തന്നെയാണ് പ്രധാന വെല്ലുവിളി. നാലംഗ ഡോക്ടര്‍സംഘമാണ് ഇക്കാര്യം സ്ഥിരീകരിക്കേണ്ടത്. ആശുപത്രി സൂപ്രണ്ട്, ചികിത്സിക്കുന്ന ഡോക്ടര്‍, ആശുപത്രിയിലെ ന്യൂറോളജിസ്റ്റ്, അല്ളെങ്കില്‍ ന്യൂറോ സര്‍ജന്‍ എന്നിവര്‍ക്കൊപ്പം സര്‍ക്കാര്‍ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് എന്നിവരടങ്ങിയതാണ് ഈ സമിതി. പൂര്‍ണമായും വെന്‍റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനം തിരിച്ചുവരാത്തവിധം നിലച്ചുവെന്ന് സ്ഥിരീകരിക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. ആറ് മണിക്കൂര്‍ ഇടവിട്ട് ഇതേ പരിശോധന വീണ്ടും നടത്തിവേണം മസ്തിഷ്കമരണം സ്ഥിരീകരിക്കാന്‍.