Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രഹ്​മപുരം:...

ബ്രഹ്​മപുരം: കരാറുകാർക്ക്​ ഇനി പണം നൽകരുതെന്ന്​ ഹൈകോടതി

text_fields
bookmark_border
Fire, Brahmapuram waste plant
cancel

കൊച്ചി: കോടതിയുടെ അനുമതിയോടെയല്ലാതെ മാലിന്യ സംസ്കരണത്തിന്​ കരാറെടുത്ത കമ്പനിക്ക് കൊച്ചി കോർപറേഷൻ ഇനി പണം നൽകരുതെന്ന്​ ഹൈകോടതി. ഇത്​ സംബന്ധിച്ച്​ അധികൃതരോട് വിശദീകരണം തേടിയശേഷം ഉചിതമായ ഉത്തരവിറക്കും. പണം നൽകുന്നത് സ്വന്തം ബാധ്യതയിലായിരിക്കുമെന്നും ബ്രഹ്​മപുരം തീപിടിത്തം കേസ്​ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ച്​ വാക്കാൽ വ്യക്​തമാക്കി. മാലിന്യ സംസ്കരണത്തിന് സൗകര്യമില്ലെങ്കിലും വൻ കെട്ടിട സമുച്ചയങ്ങൾക്കുപോലും ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകുന്ന അവസ്ഥയായിരുന്നു കൊച്ചിയിലേതെന്ന്​ കോടതി വിമർശിച്ചു.

ഉറവിടത്തിൽനിന്നു തന്നെ മാലിന്യം വേർതിരിച്ച്​ ശേഖരിക്കണം. ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കുന്നത്​ തുടരാമെങ്കിലും പ്ലാസ്റ്റിക്കും കെട്ടിട അവശിഷ്ടങ്ങളും ശേഖരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. പെരിയാറിലെ ജല ശേഖരണ മേഖലകളിൽനിന്ന്​ സാമ്പിൾ ശേഖരിച്ച്​ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിക്കുകയും കലക്ടർമാർക്ക്​ മറ്റൊരു സാമ്പിൾ നൽകുകയും വേണം. ഇത്​ സംബന്ധിച്ച റിപ്പോർട്ട് ഏപ്രിൽ മൂന്നിന്​ നൽകണം.

ജില്ലതല ദുരന്തനിവാരണ സമിതിയുടെ അനുമതിയോടെ മാത്രമേ ഇനി പൊതു - സ്വകാര്യ പങ്കാളിത്തത്തോടെയുള്ള മുനിസിപ്പൽ ഖരമാലിന്യ സംസ്കരണ പദ്ധതികൾ സ്ഥാപിക്കാവൂ. പരിസ്ഥിതി സംരക്ഷണം, ഖരമാലിന്യ സംസ്കരണം, പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കാൻ വി​നോദസഞ്ചാര വകുപ്പ്, കെ.ഡി.ഡി.സി, ടൂറിസ്റ്റ് ഹോമുകൾ, ദേവസ്വം ബോർഡുകൾ എന്നിവക്ക്​ തദ്ദേശഭരണ അഡീ. ചീഫ് സെക്രട്ടറി നിർദേശം നൽകണം.

ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ കർശനമായി പാലിക്കാൻ നിർദേശം നൽകി ജുഡീഷ്യൽ ഓഫിസർമാർക്ക് ഉത്തരവിന്‍റെ പകർപ്പ് രജിസ്ട്രാർ ജനറൽ നൽകണം. ജില്ല കോടതികളിലെ ജീവനക്കാർ ഓഫിസിലും വീട്ടിലും ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ പാലിക്കാൻ നിർദേശിക്കുകയും ജുഡീഷ്യറി മാതൃക കാട്ടുകയും വേണം.

∙വൃത്തിയുള്ള, ഹരിത കേരളത്തിനായി കോടതിയുടെ ഉത്തരവ് ജനപ്രതിനിധികളെ നവകേരള മിഷൻ അറിയിക്കണം. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത്​ കണ്ടെത്തി ശിക്ഷാനടപടികൾ സ്വീകരിക്കണം. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പള സർട്ടിഫിക്കറ്റുകളിൽ ഒപ്പിടുന്നതിൽ കലക്ടർമാർ നിയന്ത്രണം പാലിക്കുന്ന രീതി ഉണ്ടാവണമെന്നും കോടതി പറഞ്ഞു.

മൂന്നാറിലും മറ്റ്​ ടൂറിസം മേഖലകളിലും പ്ലാസ്റ്റിക് നിയന്ത്രിക്കാൻ ഗ്രീൻ ചെക്ക് പോയന്‍റുകൾ സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ തീരുമാനിച്ചിട്ടുണ്ടെന്നും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ത​ദ്ദേശഭരണ അഡീ. ചീഫ്​ സെക്രട്ടറി ശാരദാ മുരളീധരൻ അറിയിച്ചു.

കോർപറേഷൻ സെക്രട്ടറിക്ക് മർദനം: സംരക്ഷണത്തിന് ഉത്തരവിടാൻ കോടതി നിർദേശം

കൊച്ചി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ കൊച്ചി കോർപറേഷൻ സെക്രട്ടറിക്ക് മർദനമേറ്റ പശ്ചാത്തലത്തിൽ ആവശ്യമായ സംരക്ഷണം നൽകണമെന്ന് ഹൈകോടതി. ജില്ല മജിസ്ട്രേറ്റിന്‍റെ അധികാരം ഉപയോഗിച്ച് കലക്ടർ ആവശ്യമായ ഉത്തരവിറക്കാൻ ബ്രഹ്മപുരം കേസ് പരിഗണിക്കുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു. അക്രമമുണ്ടായാൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണം. സെക്രട്ടറിക്കടക്കം മർദനമേറ്റ സംഭവം അഭിഭാഷകൻ വ്യാഴാഴ്‌ച കോടതിയെ അറിയിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brahmapuram waste plantHigh Court
News Summary - Brahmapuram waste plant: High Court not to pay more money to contractors
Next Story