ബ്രഹ്മപുരം മാലിന്യപ്ലാന്‍റ്: താൽക്കാലിക സംവിധാനത്തിന് അനുമതി നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ബി.പി.സി.എൽ നേതൃത്വത്തിലുള്ള മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതുവരെ ബ്രഹ്മപുരത്ത് ഒരുക്കുന്ന താൽക്കാലിക മാലിന്യസംസ്കരണ സംവിധാനത്തിന് ആഗസ്റ്റ് 18നകം കൊച്ചി നഗരസഭ അനുമതി നൽകണമെന്ന് ഹൈകോടതി. പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള താൽക്കാലിക മാലിന്യസംസ്കരണ സംവിധാനമാണ് ഒരുക്കുന്നത്. ഇക്കാര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടും കോർപറേഷൻ സമർപ്പിക്കണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായതിനെത്തുടർന്ന് ഹൈകോടതി സ്വമേധയാ പരിഗണിക്കുന്ന ഹരജിയിലാണ് ഉത്തരവ്. ഹരജി 18ന് വീണ്ടും പരിഗണിക്കും.
താൽക്കാലിക മാലിന്യസംസ്കരണത്തിന് രണ്ടു കമ്പനികൾ തയാറായിട്ടുണ്ടെന്നും 15നകം കൗൺസിൽ തീരുമാനമെടുക്കുമെന്നുമായിരുന്നു നേരിട്ട് ഹാജരായ നഗരസഭ സെക്രട്ടറി ബാബു അബ്ദുൽ ഖാദർ അറിയിച്ചത്. ഇത് അനിവാര്യമാണെന്നും നടപടി വേഗത്തിലാക്കാനും കോടതി നിർദേശിച്ചു. പുതിയ പ്ലാന്‍റ് അടുത്ത വർഷം ഡിസംബറോടെ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ഓൺലൈനിൽ ഹാജരായ തദ്ദേശ ഭരണ അഡീ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അറിയിച്ചു.
പ്ലാന്‍റ് സ്ഥാപിക്കാനുള്ള നടപടി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ പ്രത്യേക പദ്ധതിയുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതി പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കി. മാലിന്യം കത്തിയുണ്ടായ ചാരം കലർന്ന മലിനജലം സമീപത്തെ ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്താതിരിക്കാൻ രണ്ട് ബണ്ടുകൾ നിർമിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഇത് ഫലപ്രദമാണോയെന്ന് പരിശോധിക്കാൻ ജില്ല കലക്ടറോട് കോടതി നിർദേശിച്ചു.
നിലവിലെ മാലിന്യം വേർതിരിക്കാനുള്ള ബയോ മൈനിങ് ഒമ്പതുമാസംകൊണ്ട് പൂർത്തിയാക്കാനാവുമെന്ന് സർക്കാർ വിശദീകരിച്ചു. 11 ലക്ഷം ടൺ മാലിന്യമാണ് നിലവിലുള്ളത്. റോഡുകൾ നിർമിക്കാൻ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കാനാവില്ലേയെന്ന ചോദ്യത്തിന് പരിശോധിച്ച് അറിയിക്കാമെന്നായിരുന്നു സർക്കാറിന്‍റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

