ബ്രഹ്മപുരത്തെ പുക അണയ്ക്കാൻ വ്യോമസേന ഇന്നിറങ്ങും; വിഷയം ഇന്ന് ഹൈകോടതിയിൽ
text_fieldsകൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും. നാല് മീറ്റർ വരെ താഴ്ചയിൽ മാലിന്യം ജെ.സി.ബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. വിഷയത്തിൽ ഹൈകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ഡിവിഷൻ ബഞ്ച് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നല്കിയ കത്തിനെ തുടര്‍ന്നാണ് ഹൈകോടതി കേസെടുത്തത്. മുന്‍കരുതലിന്റെ ഭാഗമായി ഇന്നും കൊച്ചിയിലും സമീപ പ്രദേശങ്ങളിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കയാണ്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും അങ്കണവാടികൾ, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ക്കുമാണ് അവധി.
വ്യാഴാഴ്ച 4.15നാണ് പ്ലാന്റിൽ തീപിടിത്തം ഉണ്ടായത്. മാലിന്യം കൂടിക്കിടന്ന 104 ഏക്കറിലും തീപടർന്ന് പിടിച്ചിരുന്നു. വിഷപ്പുക നഗരത്തിൽ പടരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് നൽകിയ കത്തിനെ തുടർന്ന് ഹൈകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാർ, മലിനീകരണ നിയന്ത്രണ ബോർഡ്, കൊച്ചി നഗരസഭ എന്നിവരാണ് ഹരജിയിലെ എതിർ കക്ഷികൾ. അഞ്ചു ദിവസമായി അർബുദംവരെ ബാധിക്കാവുന്ന വിഷപ്പുകയാണ് കൊച്ചി നഗരവാസികൾ ശ്വസിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിൽ ചൂണ്ടിക്കാട്ടി. ഈ നില തുടരുന്നത് അപകടമാണ്. വിഷപ്പുക തടയാനും ബ്രഹ്മപുരത്തെ തീയണക്കാനും വേണ്ട ക്രമീകരണം ചെയ്യാൻ നിർദേശം നൽകണമെന്നാണ് കത്തിലെ ആവശ്യം.
അതേസമയം, കൊച്ചി കോർപറേഷനിലെയും സമീപ പ്രദേശങ്ങളിലെയും ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ചൊവ്വാഴ്ചയും ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. മാലിന്യം ചികഞ്ഞുമാറ്റി ഉള്ളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. 30 അഗ്നിരക്ഷാ സേന യൂനിറ്റും ആറ് മണ്ണുമാന്തിയുമാണ് ഇതിനായി ഉപയോഗിക്കുന്നത്. വ്യോമസേനയുടെ സുലൂര്‍ സ്റ്റേഷനില്‍നിന്നുള്ള ഹെലികോപ്ടറുകളാണ് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുക. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ഉള്‍പ്പെടെ യന്ത്രസാമഗ്രികള്‍ ബ്രഹ്മപുരത്തെത്തിച്ചു. ആറ് മണ്ണുമാന്തികളും ഉപയോഗിക്കുന്നുണ്ട്. കടമ്പ്രയാറില്‍നിന്ന് ഫ്ലോട്ടിങ് ജെ.സി.ബിയുടെ സഹായത്തോടെ വെള്ളമെടുക്കുന്നുണ്ട്. ആലപ്പുഴയില്‍നിന്നെത്തിച്ച വലിയ രണ്ട് ഡീ വാട്ടറിങ് പമ്പുകളും ചെറിയ പമ്പുകളും ഉപയോഗിക്കുന്നു. എന്നാൽ, ഇതൊന്നും ആവശ്യത്തിന് തികയുന്നില്ല.
ബ്രഹ്മപുരത്തുനിന്ന് 13 കിലോമീറ്റർ അകലെയുള്ള ഫോർട്ട്കൊച്ചി, തോപ്പുംപടി, തൃപ്പൂണിത്തുറ, ഒമ്പത് കിലോമീറ്റർ അകലെയുള്ള തേവര, എട്ടു കിലോമീറ്റർ അകലെ മരട്, കുണ്ടന്നൂർ, ആറു കിലോമീറ്റർ അകലെയുള്ള കലൂർ, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലും ആലപ്പുഴ ജില്ലയിലെ അരൂർവരെയും പുകയെത്തി.
തീപിടിത്തം നിയന്ത്രണ വിധേയമെന്ന് മന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തം നിയന്ത്രണവിധേയമെന്ന് മന്ത്രി എം.ബി. രാജേഷ്. തീ ഏകദേശം അണച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവുമായും ജില്ലയിലെ മറ്റു ജനപ്രതിനിധികളുമായും ചര്‍ച്ചചെയ്ത് ഭാവിയിൽ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാൻ ദീര്‍ഘകാല നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
തീപിടിത്തം മനഃപൂർവം ഉണ്ടാക്കിയതാണോ എന്ന് പരിശോധിക്കണമെന്നും ഹൈകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തീപിടിത്തം ഉണ്ടായ ഉടൻ ആവശ്യമായ തുടർനടപടികൾ കൈക്കൊണ്ടുവെന്ന് മന്ത്രി പറഞ്ഞു. സ്ഥിതി ഏറക്കുറെ നിയന്ത്രണ വിധേയമാണ്. വായുവിന്റെ ഗുണനിലവാരവും മെച്ചപ്പെട്ടു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അഗ്നിരക്ഷസേന വാഹനങ്ങള്‍ എത്തിക്കാൻ കഴിയാതെവന്നതാണ് പ്രയാസം ഉണ്ടാക്കിയത്. രണ്ട് ഓക്സിജന്‍ പാര്‍ലറുകള്‍ നാലു മുതല്‍ ഒരുക്കി. ആരും ഉപയോഗിച്ചിട്ടില്ല. വര്‍ഷങ്ങളോളം നിക്ഷേപിച്ച മാലിന്യമാണവിടെ. തീപിടിത്ത കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉയര്‍ന്ന അന്തരീക്ഷതാപനില ഇതിനു കാരണമാണ്. മാലിന്യം വേഗം സംസ്കരിക്കാനുള്ള നടപടികള്‍ കൂട്ടായി ആലോചിക്കണം. 500 ടണ്‍ മാലിന്യനിര്‍മാര്‍ജന ശേഷിയുള്ള പ്ലാന്റ് സജ്ജമാക്കുന്നുണ്ട്. ഒപ്പം ജൈവവള നിർമാണ സംവിധാനവും ഒരുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
വീട്ടിനുള്ളിലും രക്ഷയില്ല
ഏകദേശം 4.55 ലക്ഷം ഘനമീറ്റർ മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിനു തീപിടിച്ച് കേരളത്തിലെ ഒരു നഗരവും ഇതുവരെ അനുഭവിക്കാത്ത അസഹനീയമായ സാഹചര്യത്തിലാണ് കൊച്ചി. ജനലും വാതിലും അടച്ച് വീട്ടിനുള്ളിൽ ഇരുന്നിട്ടും വിഷപ്പുകയിൽനിന്ന് രക്ഷപ്പെടാനാകാത്ത സ്ഥിതിയാണ്. ബ്രഹ്മപുരത്തിന് സമീപപ്രദേശങ്ങളിൽ ഫ്ലാറ്റുകളിൽ താമസിച്ചിരുന്നവരിൽ ഏറെയും പലായനം ചെയ്തുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

