ബ്രഹ്മപുരത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത വേണം; തീ വൈകിട്ടോടെ അണക്കാനാകുമെന്ന് ആരോഗ്യ മന്ത്രി
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ വൈകിട്ടോടെ അണക്കാനാകുമെന്ന് മന്ത്രി പി. രാജീവ്. കോർപറേഷൻ, പഞ്ചായത്ത്, അഗ്നിശമനസേന, ആരോഗ്യ വിഭാഗങ്ങൾ എന്നിവയുടെ ഏകോപനത്തോടെ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.
ശാശ്ചത പരിഹാരത്തിന് മൂന്ന് മാസത്തിലൊരിക്കൽ മേയർ, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരുടെ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും. കൊച്ചിയിലെ മാലിന്യ നീക്കത്തിന് ചർച്ച നടത്തി ശാശ്വത പരിഹാരം കാണും. ഇതിനായി പുതിയ സ്ഥലം കലക്ടർ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.
ബ്രഹ്മപുരത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ജാഗ്രത കാണിക്കുന്നതിൽ ജനങ്ങൾ അലംഭാവം കാണിക്കരുത്. ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമില്ല. ആശങ്കയുള്ളവർക്ക് ബന്ധപ്പെടാൻ കൺട്രോൾ റൂം തുറന്നതായും മന്ത്രി പറഞ്ഞു.
തീപിടിത്തത്തെ തുടർന്നുള്ള സാഹചര്യവും തീ അണക്കാനുള്ള നടപടികളും അവലോകനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ, പ്രായമായവർ, കുട്ടികൾ ആവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങാവൂ. എൻ95 മാസ്ക് ധരിക്കണം. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ആശുപത്രികൾ സജ്ജമാണ്. കളമശേരി മെഡിക്കൽ കോളജ്, ജില്ല ആശുപത്രി, വടവുകാട് ആശുപത്രികൾ പ്രത്യേക സംവിധാനം ഒരുക്കും.
മെഡിക്കൽ കോളജിൽ സ്മോക് കാഷ്വാലിറ്റി ഉണ്ടാവും. ശ്വാസകോശ സംബന്ധമായ അസുഖവുമായി എത്തുന്ന പ്രായമുള്ളവർക്കും കുട്ടികൾക്കും പ്രത്യേക സൗകര്യങ്ങളുണ്ടാകും. ശ്വാസകോശ വിദഗ്ധരില്ലാത്ത ആശുപത്രികളിൽ ആ വിഭാഗത്തിലെ ഡോക്ടർമാരെ നിയോഗിക്കും. ഇതിന് മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

