ബ്രഹ്മപുരം തീപിടിത്തവും അമ്ലമഴയും; തീരുന്നില്ല വാദപ്രതിവാദം
text_fieldsകൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെ കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിൽ പെയ്ത മഴയിലെ അമ്ല സാന്നിധ്യത്തെച്ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുന്നു. അമ്ല സാന്നിധ്യമുണ്ടെന്ന വിവരം ആദ്യം പറഞ്ഞത് ശാസ്ത്ര എഴുത്തുകാരനായ ഡോ. എ. രാജഗോപാല് കമ്മത്തായിരുന്നു. തുടർന്ന് ഈ അഭിപ്രായം ശരിയല്ലെന്ന് കുസാറ്റ് ഗവേഷകരും വാദിച്ചു. ഇതോടെ കുസാറ്റിന്റെ സാംപ്ലിങ് രീതി ശരിയല്ലെന്ന് വ്യക്തമാക്കി രാജഗോപാൽ കമ്മത്ത് രംഗത്തെത്തിയിട്ടുണ്ട്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അന്തരീക്ഷ റഡാർ ഗവേഷണ കേന്ദ്രത്തിൽനിന്ന് വിവിധ സാമ്പിളുകൾ ശേഖരിക്കുകയും അവ ശാസ്ത്രസമൂഹ കേന്ദ്രം, കെമിക്കൽ ഓഷ്യാനോഗ്രഫി എന്നീ വിഭാഗങ്ങളുമായി ചേർന്ന് ശാസ്ത്രീയ അപഗ്രഥനത്തിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് കുസാറ്റ് അധികൃതർ പറയുന്നത്. ലഭിച്ച സാമ്പിളുകളുടെ പി.എച്ച് മൂല്യം 6.63, 6.67, 6.71, 6.9 എന്നിങ്ങനെയാണ്. റഡാർ കേന്ദ്രത്തിൽനിന്ന് ബ്രഹ്മപുരത്തേക്കുള്ള ആകാശ ദൂരം ഏകദേശം ഏഴ് കിലോമീറ്ററാണ്. വൻ തോതിൽ മലിനീകരണം ഉണ്ടായിരുന്നെങ്കിൽ പി.എച്ച് നാലിനോട് അടുത്തുണ്ടാകുമായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
ആസിഡ് മഴയുണ്ടാകാൻ ആവശ്യമായ ഒന്നും കൊച്ചിയിൽ സംഭവിച്ചിട്ടില്ലെന്ന് കുസാറ്റ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി അസി. പ്രഫ. ഡോ. അബേഷ് രഘുവരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ബ്രഹ്മപുരത്തുണ്ടായത് പോലുള്ള പുക വ്യാപനത്തിലൂടെ അമ്ലമഴക്കുള്ള സാധ്യതയില്ല. നിരന്തരം മലിനീകരണം നടക്കുന്ന സ്ഥലങ്ങളിലാണ് സൾഫർഡൈയോക്സൈഡ്, നൈട്രജൻ ഓക്സൈഡ് പോലുള്ള വാതകങ്ങൾ തുടർച്ചയായി അന്തരീക്ഷത്തിൽ കെട്ടിനിൽക്കുന്നത്. അങ്ങനെയുള്ള അവസരങ്ങളിലാണ് ആസിഡ് മഴയുണ്ടാകുന്നത്. നിലവിൽ അങ്ങനെയൊരു അവസ്ഥ ഇവിടെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കുസാറ്റ് അവലംബിച്ച സാംപ്ലിങ് രീതി അനുമാനങ്ങൾക്ക് ചേർന്നതല്ലെന്ന് ഡോ. എ. രാജഗോപാൽ കമ്മത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. അമ്ലമഴയുടെ സാന്നിധ്യമറിയാൻ ഒരിടത്തുനിന്നുള്ള സാമ്പിളല്ല ശേഖരിക്കേണ്ടത്. ബ്രഹ്മപുരം തീപിടിത്തത്തിൽനിന്നും വ്യവസായ ശാലകളിൽനിന്നുമുള്ള മാലിന്യം തെക്കു പടിഞ്ഞാറൻ ദിശയിലേക്കാണ് പ്രധാനമായും പരക്കുന്നത്. കുസാറ്റുള്ള ഭാഗം വടക്ക് ദിശയിലാണ്.
അവിടെ രാസമാലിന്യം പരക്കാനുള്ള സാധ്യത വളരെ കുറവാണ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ശരിയായ രീതിയിൽ സാമ്പിൾ ശേഖരിക്കണമായിരുന്നു. തികച്ചും അശാസ്ത്രീയമായ രീതിയും അനുമാനവുമാണ് കുസാറ്റ് ഇക്കാര്യത്തിൽ അവലംബിച്ചിരിക്കുന്നത്. കൊച്ചിക്കാരോട് ഏറ്റവും വലിയ ദ്രോഹമാണ് ഇവർ ചെയ്യുന്നത്. ഇത്തരത്തിൽ അബദ്ധങ്ങൾ പ്രചരിപ്പിക്കുന്ന സർവകലാശാല കാലഘട്ടത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.