ബ്രഹ്മപുരം: തീ മുന്നറിയിപ്പുകൾ കോർപറേഷൻ അവഗണിച്ചു
text_fieldsബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാൻ ശ്രമം തുടരുന്ന അഗ്നിരക്ഷാസേന
കൊച്ചി: പുകയടങ്ങാത്ത ബ്രഹ്മപുരത്ത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത് കോർപറേഷൻ തീ മുന്നറിയിപ്പുകൾ അവഗണിച്ചത്. മാലിന്യസംസ്കരണത്തിന്റെ പേരില്‍ വിവാദത്തിലായ സോൻഡ ഇൻഫ്രാടെക്കിനെതിരെ കൗൺസിലർമാർ നിരവധി തവണ പരാതി ഉന്നയിച്ചിട്ടും കോർപറേഷൻ അവഗണിക്കുകയായിരുന്നു.
നവംബറിലും ഫെബ്രുവരിയിലുമൊക്കെ തീപിടിത്തം ഉണ്ടാവുകയും പുകയുയരുകയും ചെയ്തിരുന്നു. കൗൺസിലിൽ പലതവണ തീപിടിത്ത സാധ്യതകളും ചർച്ചയായി. പ്ലാന്റ് നടത്തിപ്പിൽ സോൻഡക്ക് വീഴ്ചയുണ്ടായെന്നും കരാറിലെ പല വ്യവസ്ഥകളും കമ്പനി പാലിക്കുന്നില്ലെന്നും പല ഘട്ടത്തിലും ആക്ഷേപം ഉയർന്നു.
അതിലൊന്നും കാര്യമായി ഇടപെടാതെ കത്ത് നൽകുന്നതിൽ നടപടി അവസാനിപ്പിക്കുകയാണ് കോർപറേഷൻ ചെയ്തത്. കൊച്ചിയിൽ ശനിയാഴ്ചയും പൂർണമായും പുക കെട്ടിട്ടില്ല. പുകശല്യം മൂലം ജനം പലതരത്തിൽ ബുദ്ധിമുട്ടുകയാണ്. ഇന്നും കുട്ടികളും മുതിർന്നവരുമടക്കം പലരും ആശുപത്രികളിലും മറ്റും ചികിത്സ തേടി.