പ്രതീക്ഷ പാർട്ടിയിലും ചർച്ചകളിലും
text_fieldsകഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ധനമന്ത്രി കെ.എൻ. ബാലഗോപാലും വയനാട്ടിലെത്തിയത് ശുഭ സൂചനയായാണ് പലരും കാണുന്നത്. പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ഇരുവരും ബ്രഹ്മഗിരി വിഷയം പരിഹരിക്കാനുള്ള അഭിപ്രായങ്ങൾ കേൾക്കുകയും ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തതായാണ് വിവരം. ചർച്ചകൾക്ക് വേഗതയുണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ആവലാതിയാണ് ചില അംഗങ്ങൾ മുന്നോട്ടുവെച്ചത്. യോഗശേഷം പാർട്ടി സെക്രട്ടറി മാധ്യമങ്ങളോട് മുഖംതിരിച്ചെങ്കിലും ബ്രഹ്മഗിരി പ്രതിസന്ധി പരിഹരിക്കാൻ സർക്കാറിന് ചെയ്യാൻപറ്റുന്നതൊക്കെ ചെയ്യാമെന്ന ശുഭ സൂചനയാണ് ധനമന്ത്രി പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം പാർട്ടിയുമായി ബന്ധപ്പെട്ട ചിലർ നിക്ഷേപകരുമായി നടത്തിയ ചർച്ചയിലും 15 ദിവസത്തിനകം പ്രശ്ന പരിഹാരമുണ്ടാവുമെന്ന സൂചന നൽകി. ബി.ഡി.എസിന്റെ പ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക് തിരിച്ചെത്താൻ മാസം ശരാശരി 40 മുതൽ 50 ലക്ഷം വരെ ചെലവ് വരുമെന്നാണ് കണക്ക്. 2018 മുതൽ കാര്യമായ പ്രവർത്തനമൊന്നുമില്ലാത്തതിനാൽ വരുമാനമില്ലാതെ നിക്ഷേപകരുടെ പലിശ, ജീവനക്കാരുടെ ശമ്പളം ഉൾപ്പടെ ബാധ്യതകൾ കുന്നുകൂടുകയാണ്. അങ്ങനെ നോക്കുമ്പോൾ കോടികളുടെ ബാധ്യത തീർത്താലേ ഫാക്ടറി പ്രവർത്തനം ആരംഭിക്കാൻപോലും സാധിക്കൂ. മൂന്നര ലക്ഷം രൂപയുടെ വൈദ്യുതി ബില്ലടക്കാത്തതിനാൽ കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസം ഫാക്ടറിയുടെ കണക്ഷൻ വിഛേദിച്ചിരുന്നു.
സഹകരണ സംഘത്തിൽ പ്രതിസന്ധി രൂക്ഷമായതോടെ നിക്ഷേപകരും ജീവനക്കാരും രംഗത്തെത്തിയതിന് പുറമെ വിഷയം ഏറ്റെടുത്ത് രാഷ്ടീയ പാർട്ടികളും രംഗത്തിറങ്ങിക്കഴിഞ്ഞു. യു.ഡി.എഫും ബി.ജെ.പിയും സഹകരണ സംഘത്തിലെ പ്രതിസന്ധി സി.പി.എമ്മിനെതിരേ ആയുധമാക്കാൻ രംഗത്തെത്തിയിട്ടുണ്ട്. അഴിമതിയും ധൂർത്തുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വിഷയത്തിൽ കോൺഗ്രസ് വിജിലൻസ് അന്വേഷണവും ലീഗ് സി.ബി.ഐ അന്വേഷണവുമാണ് ആവശ്യപ്പെടുന്നത്. നിരവധി കുടുംബശ്രീകളും സംഘത്തിൽ നിക്ഷേപം നടത്തിയ സ്ത്രീസംഘടനകളും രംഗത്തുവന്നിട്ടുണ്ട്. കോൺഗ്രസ് കഴിഞ്ഞ ദിവസം മഞ്ഞാടിയിലെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയിരുന്നു.
അതേസമയം, ബ്രഹ്മഗിരി പദ്ധതിയുടെ സാമ്പത്തിക പ്രതിസന്ധിയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സി.പി.എം ആരോപണം. പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഉല്പാദനം വർധിപ്പിച്ച് വരുമ്പോഴാണ് പ്രളയവും കോവിഡ് മഹാമാരിയും വിഘാതമായതെന്നും ഇതിന്റെ ഭാഗമായി ചില പ്രശ്നങ്ങള്‍ ബ്രഹ്മഗിരിയെ ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് ഫണ്ട് തിരിമറി നടത്തിയതിനാലോ തട്ടിപ്പ് നടത്തിയതിനാലോ ഉള്ള പ്രതിസന്ധിയല്ലെന്നുമാണ് സി.പി.എം പറയുന്നത്.
സൊസൈറ്റി നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് പരിഹാരം തേടി ഡെപ്പോസിറ്റേഴ്സ് ആക്ഷന്‍ കമ്മിറ്റി സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന് കത്ത് നല്‍കിയിരുന്നു. മൂന്നു മാസത്തിനകം പരിഹാരം വേണമെന്നാണ് കത്തിലെ മുഖ്യ ആവശ്യം. സർക്കാർ നൽകാമെന്ന് പറഞ്ഞ ഫണ്ട് അനുവദിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ നിലവിലുള്ളൂവെന്നാണ് സൊസൈറ്റി ഭരണസമിതി പറയുന്നത്. നിലവിലുള്ള ബാധ്യതകളേക്കാൾ കൂടുതലാണ് സൊസൈറ്റിയുടെ ആസ്തിയെന്നും ഇവർ പറയുന്നു.
സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ ഫണ്ട് എങ്ങനെ കണ്ടെത്താൻ കഴിയുമെന്ന ചർച്ചക്കാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കൾ ഊന്നൽ നൽകുന്നത്. പ്രതിസന്ധി പരിഹാരത്തിനു ഉതകുന്ന പദ്ധതികള്‍ അടുത്ത ദിവസങ്ങളിൽ ഉരുത്തിരിയുമെന്നുതന്നെയാണ് നിക്ഷേപകരുടെ പ്രതീക്ഷ. അല്ലാത്തപക്ഷം ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ട് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ മറ്റൊരു സഹകരണ സ്ഥാപനം കൂടി പൂട്ടേണ്ടിവന്നാൽ പാർട്ടിക്കുണ്ടാക്കുന്ന ക്ഷീണം ചെറുതായിരിക്കില്ല. (അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

