You are here
മൂന്നുവയസ്സുകാരന് പരിക്കേറ്റ സംഭവം; മാതാവ് കുറ്റം സമ്മതിച്ചു
മാതാപിതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്
ആലുവ/കളമശ്ശേരി: കളമശ്ശേരിയിൽ മൂന്നു വയസ്സുകാരന് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ഝാർഖണ്ഡ് സ്വദേശി ഹന ഖാത്തൂനെയാണ് (28) ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അനുസരണക്കേട് കാട്ടിയതിനാണ് കുട്ടിയെ മർദിച്ചതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവുമാണ് കേസെടുത്തത്. തലച്ചോറിന് മാരക പരിക്കുമായി ആലുവ രാജഗിരി ആശുപത്രിയിൽ വെൻറിലേറ്ററിെൻറ സഹായത്തോടെ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
തലച്ചോറിൽ ക്ഷതവും ദേഹമാസകലം മർദനത്തിെൻറയും പൊള്ളലിെൻറയും പാടുകളുമായി ബുധനാഴ്ച ഉച്ചയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പശ്ചിമബംഗാൾ സ്വദേശിയായ പിതാവാണ് കുട്ടിയെ കൊണ്ടുവന്നത്. ഏണിപ്പടിയിൽനിന്ന് വീണതാണെന്നാണ് ഇയാൾ പറഞ്ഞത്. ഡോക്ടർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പൊലീസ് നടത്തിയ വിശദ ചോദ്യം ചെയ്യല്ലിൽ മാതാവ് കുറ്റം സമ്മതിച്ചു.
ബുധനാഴ്ച രാത്രി കുട്ടിക്ക് മൂന്നു മണിക്കൂർ നീണ്ട അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതോടെ, തലച്ചോറിലെ രക്തസ്രാവം നിയന്ത്രണ വിധേയമായി. എന്നാൽ, തലച്ചോറിെൻറ പ്രവർത്തനം മന്ദഗതിയിലാണ്.
ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നിർദേശപ്രകാരം ന്യൂറോ സർജറി മേധാവി ഡോ. പി.കെ. ബാലകൃഷ്ണെൻറ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ അഞ്ചു ഡോക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ സംഘത്തിന് രൂപം നൽകി. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും കുട്ടിയെ സാമൂഹികക്ഷേമ വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. കുട്ടിയുടെ ശരീരത്തിെൻറ പല ഭാഗത്തും മർദനമേറ്റതിെൻറയും ചട്ടുകം വെച്ച് പൊള്ളിച്ചതിെൻറയും പാടുണ്ട്. കുട്ടിക്ക് തുടർച്ചയായി മർദനം ഏൽക്കേണ്ടിവന്നതായും തടിക്കഷണം പോലെ കട്ടിയുള്ള വസ്തുകൊണ്ട് തലക്കടിച്ചതായുമാണ് പരിക്കുകളിൽനിന്ന് മനസ്സിലാകുന്നതെന്ന് പൊലീസ് പറഞ്ഞു.
തലച്ചോറിെൻറ വലതുഭാഗത്തെ പരിക്ക് മാരകമാണെന്നും 48 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാനാകൂ എന്നും ഫോറൻസിക് മെഡിസിൻ മേധാവി ഡോ. എൻ. ജയദേവ് അറിയിച്ചു. ഝാർഖണ്ഡിൽനിന്ന് രണ്ടാഴ്ച മുമ്പാണ് കുട്ടിയുമായി അമ്മ കൊച്ചിയിൽ എത്തിയത്. അറസ്റ്റിലായ മാതാവിനെ രാത്രിയോടെ റിമാൻഡ് ചെയ്തു.
ചോദ്യംചെയ്യൽ; തെളിവായി മുറിവുകൾ
കളമശ്ശേരി: മൂന്നുവയസ്സുകാരന് മർദനമേറ്റതിെൻറ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചത് ഇതര സംസ്ഥാനക്കാരായ ദമ്പതികളെ മണിക്കൂറുകൾ ചോദ്യംചെയ്തതിലൂടെ. ഒറ്റക്കും ഒരുമിച്ചുമാണ് ഇരുവരെയും ചോദ്യംചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതി ഹന ഖാത്തൂനെ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ ഏലൂർ പുത്തലം റോഡിലെ വാടകവീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നു. തെളിവെടുപ്പും മണിക്കൂറുകൾ നീണ്ടു.
ഏണിപ്പടിയിൽനിന്ന് വീണതാണെന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പിതാവ് പറഞ്ഞത്. എന്നാൽ, തലച്ചോറിലെ പൊട്ടൽ അടുക്കളയിലെ മൂന്നടി ഉയരത്തിലുള്ള സ്ലാബിന് മുകളിൽ നിന്നുള്ള വീഴ്ചയിൽ ഉണ്ടായതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അതേസമയം, കുട്ടിയെ താൻ മർദിച്ചതായും അരക്ക് പിൻഭാഗത്തിന് കീഴെ ചട്ടുകംവെച്ച് പൊള്ളിച്ചതായും ഇവർ പൊലീസിനോട് സമ്മതിച്ചു. സാധാരണവീഴ്ചയിൽ ഉണ്ടാകാൻ സാധ്യതയില്ലാത്ത പരിക്കുകളാണ് കേസിൽ നിർണായക വഴിത്തിരിവായതും മാതാവിെൻറ അറസ്റ്റിലേക്ക് എത്തിച്ചതും.
ഈ മാസം ഒന്നിനാണ് ഏലൂർ പുത്തലത്തെ മെട്രോയുടെ കോൺക്രീറ്റിങ് യാർഡിന് സമീപം മാടപ്പാട് വാടകക്ക് താമസിക്കാൻ കുട്ടിയുമൊത്ത് ദമ്പതികളെത്തിയത്. യാർഡിലെ പുള്ളർ ഡ്രൈവറാണ് പിതാവ്. മകനോട് ഏറെ വാൽസല്യമുള്ള പിതാവ് ബുധനാഴ്ച ഉച്ചഭക്ഷണത്തിന് വീട്ടിലെത്തിയപ്പോഴാണത്രേ പരിക്കേറ്റ് അവശനിലയിലായ കുട്ടിയെ കാണുന്നത്. ഉടൻ ഇയാൾതന്നെ ആശുപത്രിയിൽ എത്തിച്ചു.
ഏലൂർ പൊലീസ് ആശുപത്രിയിൽ പിതാവിൽനിന്ന് മൊഴിയെടുത്തശേഷമാണ് വാടകവീട്ടിലെത്തി മാതാവിനെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ നാട്ടിലെ ബന്ധുക്കളിൽനിന്ന് തെളിവ് ശേഖരിക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ ഡി.എൻ.എ പരിശോധന നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. തെളിവെടുപ്പിന് പ്രതിയുമായി പൊലീസ് വാടകവീട്ടിലെത്തുമ്പോഴാണ് ക്രൂര മർദനത്തിെൻറ കഥ സമീപവാസികളും നാട്ടുകാരും അറിയുന്നത്. കുട്ടിയെ തങ്ങളാരും പുറത്ത് കണ്ടിട്ടില്ലെന്ന് അയൽവാസികൾ പറയുന്നു. ഏലൂർ സി.ഐ എം.സി ജിംസ്െറ്റെൽ, എസ്.ഐ കെ.ജെ. ജോബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
മൂന്നരവയസ്സുകാരെൻറ ചികിത്സയും സുരക്ഷിതത്വവും സര്‍ക്കാര്‍ ഏറ്റെടുക്കും–മന്ത്രി
തിരുവനന്തപുരം: ഇതര സംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസ്സുകാരെൻറ ചികിത്സാചെലവും സുരക്ഷിതത്വവും സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. ആരോഗ്യനില മോശമായതിനാല്‍ കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. അതിനാല്‍, പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചു.
കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ബാലകൃഷ്ണന്, പീഡിയാട്രിക് വിഭാഗം അഡീഷനല്‍ പ്രഫസർ ഡോ. വീരേന്ദ്രകുമാര്‍, ന്യൂറോളജി വിഭാഗം അസോ. പ്രഫസർ ഡോ. ഹാരിസ് എന്നീ വിദഗ്ധ ഡോക്ടര്‍മാരാണ് സംഘത്തിൽ.
സംഭവം വിശദമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്ന് സാമൂഹികനീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി ബിജു പ്രഭാകറും ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ചികിത്സക്കും സുരക്ഷക്കും സൗകര്യം ഒരുക്കി.
അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തണല്പദ്ധതിയിൽ 1517 എന്ന ഫോണ്‍ നമ്പറില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.