ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ഉത്സവ തിരക്ക് നിയന്ത്രിക്കാൻ ബൗൺസേഴ്സ്: ആവർത്തിക്കരുതെന്ന് കോടതി
text_fieldsകൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച തിരക്ക് കായികമായി നിയന്ത്രിക്കാൻ ബൗൺസർമാരെ നിയമിച്ചത് പോലുള്ള നടപടികൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ഹൈകോടതി. ‘ബൗൺസർ’ എന്ന് രേഖപ്പെടുത്തിയ ടീ ഷർട്ടും ധരിച്ച് ഇവർ നിന്നത് ക്ഷേത്രാന്തരീക്ഷത്തിന് ഉചിതമായ നടപടിയല്ല.
ഇത് ഒഴിവാക്കേണ്ടിയിരുന്നുവെന്നും ഇത്തരം നടപടികളിൽനിന്ന് വിട്ടുനിൽക്കണമെന്നും കൊച്ചിൻ ദേവസ്വം ബോർഡിനോട് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വംബെഞ്ച് നിർദേശിച്ചു.
നവംബർ 22 മുതൽ 25 വരെയാണ് ബൗൺസർമാരെ നിയോഗിച്ചത്. കരാറെടുത്ത സ്വകാര്യ സെക്യൂരിറ്റിക്കാരെയാണ് തിരക്ക് നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയതെന്നും ബൗൺസർമാർ ക്ഷേത്രത്തിലെത്തിയത് ദൗർഭാഗ്യകരമായെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
ബൗൺസർമാരെ നിയോഗിച്ചത് ക്ഷേത്രവിശുദ്ധിക്കും സംസ്കാരത്തിനും നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി വിഡിയോ ദൃശ്യങ്ങളടക്കം ഹാജരാക്കി മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ദേവസ്വം ബോർഡിന്റെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി, ഹരജി തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

