സസ്യശാസ്‌ത്രജ്ഞൻ ഡോ. പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു
text_fieldsതിരുവനന്തപുരം: പ്രശസ്ത സസ്യശാസ്ത്രജ്ഞനും ലഖ്‌നോ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി എന്നിവയുടെ മുൻ ഡയറക്ടറുമായ തിരുവനന്തപുരം പേരൂർക്കട മണ്ണാമൂല വി.ആർ.എ 179 ‘ശ്രീശൈശല’ത്തിൽ ഡോ. പൽപ്പു പുഷ്പാംഗദൻ (82) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 11.30യോടെയായിരുന്നു അന്ത്യം.
വംശീയ സസ്യശാസ്ത്രത്തിൽ (എത്നോ ബോട്ടണി) വിലപ്പെട്ട സംഭാവനകൾ നൽകിയ ഇദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുമുണ്ട്. ലോകത്ത് ആദ്യമായി ഇക്വിറ്റബിൾ ബെനിഫിറ്റ് ഷെയറിങ് മോഡൽ വികസിപ്പിച്ചെടുത്തത് ഡോ. പൽപ്പു പുഷ്പാംഗദനാണ്. ജൈവവിഭവങ്ങൾ സംബന്ധിച്ച പരമ്പരാഗത അറിവ് ഉപയോഗപ്പെടുത്തി പുതിയ നേട്ടങ്ങൾ കൈവരിക്കുകയും അവയെ സംരക്ഷിക്കുന്ന വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന രീതിയാണിത്.
കാണി ഗോത്രവർഗക്കാരുടെ പാരമ്പര്യ അറിവുകളിൽനിന്ന് അദ്ദേഹം വികസിപ്പിച്ചെടുത്ത ‘ജീവനി’എന്ന ഉൽപ്പന്നം ഇതിന് ഉദാഹരണമാണ്. വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഭാര്യ: ഡോ. പി. ശ്രീദേവി. മക്കൾ: വിപിൻ മോഹൻദാൻ, പരേതനായ അജയ് മോഹൻദാൻ . സഞ്ചയനം ഡിസംബർ 25ന് രാവിലെ എട്ടിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

