Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘10 ലക്ഷം കടംവാങ്ങി 24...

‘10 ലക്ഷം കടംവാങ്ങി 24 ലക്ഷം തിരിച്ചുനൽകി, 22 ലക്ഷം കൂടി വേണമെന്ന് ഭീഷണി, പലിശ 120%’; ആശയു​ടെ ജീവനെടുത്ത റിട്ട. പൊലീസുകാരൻ ബ്ലേഡ് പലിശക്കാരൻ

text_fields
bookmark_border
‘10 ലക്ഷം കടംവാങ്ങി 24 ലക്ഷം തിരിച്ചുനൽകി, 22 ലക്ഷം കൂടി വേണമെന്ന് ഭീഷണി, പലിശ 120%’; ആശയു​ടെ ജീവനെടുത്ത റിട്ട. പൊലീസുകാരൻ ബ്ലേഡ് പലിശക്കാരൻ
cancel

പറവൂർ: ‘‘മരിക്കാൻ എനിക്ക് പേടിയാണ്, ഞാൻ എന്തുചെയ്യും ദൈവമേ....’’ എന്നാണ് പുഴയിൽ ചാടി ആത്മഹത്യചെയ്ത കോട്ടുവള്ളി സ്വദേശിനിയായ വീട്ടമ്മ പുളിക്കത്തറ ആശ ബെന്നി (46)യുടെ എട്ട് പേജുള്ള ആത്മഹത്യക്കുറിപ്പിന്‍റെ തുടക്കം. ആശയുടെ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ച ബ്ലേഡ് പലിശക്കാരനും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ കോട്ടുവള്ളി കൈതാരം കടത്തുകടവ് പ്രദീപ്, ഭാര്യ ബിന്ദു എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവർ 120 ശതമാനമാണ് പലിശയായി ഈടാക്കിയിരുന്നത്. താൻ ജീവനൊടുക്കുന്നതിലേക്ക് നയിച്ച സംഭവങ്ങൾ ആത്മഹത്യക്കുറിപ്പിൽ ആശ വിശദീകരിക്കുന്നുണ്ട്. 2022 മുതലാണ് കച്ചവടം വിപുലപ്പെടുത്താൻ പലവട്ടമായി പത്തുലക്ഷം രൂപ ആശ പലിശക്ക് വാങ്ങിയത്.

ഒരുലക്ഷത്തിന് പതിനായിരം രൂപയാണ് മാസപ്പലിശ. പിന്നീട് ഭർത്താവിന്‍റെ ചിട്ടി പിടിച്ച തുകയും സ്വർണാഭരണങ്ങൾ പണയംവെച്ചും കടം വാങ്ങിയും 24 ലക്ഷത്തോളം രൂപ തിരിച്ചുനൽകി. ഇനിയും 22 ലക്ഷം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. പലിശ മുടങ്ങിയപ്പോൾ പലരിൽനിന്നും വാങ്ങി ആശ നൽകിയിട്ടുണ്ട്. ഇവരും പണം തിരികെ ആവശ്യപ്പെട്ട് വീട്ടിൽ എത്തിയതായി സൂചന‍യുണ്ട്.


'ഞാൻ ഒരു ലക്ഷത്തിന് പതിനായിരം രൂപ പലിശ കൊടുത്തിരുന്നു. ഭർത്താവ് ചിട്ടി പിടിച്ച എട്ടര ലക്ഷം രൂപയും സ്വര്‍ണം പണയം വച്ച പൈസയും മറ്റുള്ളവരിൽ നിന്ന് സ്വർണം വാങ്ങി പണയം വച്ചും പ്രദീപിന്‍റെയും ബിന്ദുവിന്റെയും മുതലും പലിശയുമെല്ലാം നൽകി. ഇനി 22 ലക്ഷം രൂപ കൂടി നൽകണമെന്നും അതിന് മുദ്രപ്പത്രത്തിൽ ഒപ്പിട്ടു കൊടുക്കണമെന്നും പ്രദീപും ബിന്ദുവും ആവശ്യപ്പെട്ടു' എന്നാണ് കുറിപ്പിലുള്ളത്.

സംഭവത്തിൽ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥൻ കോട്ടുവള്ളി കൈതാരം കടത്തുകടവ് പ്രദീപ്, ഭാര്യ ബിന്ദു എന്നിവർക്കെതിരെ പറവൂർ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ആശ ബെന്നിയുടെ ആത്മഹത്യയുണ്ടായ അന്നുതന്നെ ഒളിവിൽ പോയ പ്രദീപിനെയും ഭാര്യയെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. മരിച്ച ആശയുടെ വീട്ടിൽ പണം തിരിച്ചു ചോദിക്കാനായി പ്രദീപ്കുമാറും ഭാര്യ ബിന്ദുവും പോയപ്പോൾ, ഇവരുടെ മക്കളായ ദിവ്യയും ദീപയും ഇവർക്കൊപ്പമുണ്ടായിരുന്നെന്ന ആശയുടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദീപയെ ബുധനാഴ്ച രാത്രി പറവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവിന്‍റെ കലൂരിലുള്ള സ്ഥാപനത്തിൽ നിന്നാണ് സർക്കാർ ജീവനക്കാരിയായ ദീപയെ കസ്റ്റഡിയിലെടുത്തത്​.

പൊലീസുകാർ ഉരുട്ടിക്കൊന്ന ശ്രീജിത്തിന്റെ വീട്ടുകാരോട് 10,000 രൂപ വാങ്ങി

2018 ല്‍ പറവൂര്‍ വരാപ്പുഴ സ്റ്റേഷനില്‍ നടന്ന ശ്രീജിത്ത് ഉരുട്ടികൊലക്കേസില്‍ പ്രതിയായ സി.ഐയുടെ ഡ്രൈവറായിരുന്നു പ്രദീപ്. പൊലീസ് മർദിച്ച് അവശനാക്കിയ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് ശ്രീജിത്തിന്‍രെ ഭാര്യ പിതാവില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയായിരുന്നു ക്രൂരത. ഈ കേസില്‍ ക്രൈംബ്രാഞ്ച് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സസ്പെന്‍ഷനിലായിരുന്നു. കേസിനെത്തുടർന്ന്​ പ്രദീപിന് വിരമിക്കൽ ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.

പ്രദീപിന്‍റെയും ഭാര്യ ബിന്ദുവിന്‍റെയും തുടർച്ചയായ ഭീഷണിമൂലമാണ് മരിക്കുന്നതെന്ന് എഴുതിവെച്ച ശേഷമാണ് ആശ പുഴയിൽ ചാടിയത്. ഇവരുടെ ശല്യംമൂലം ഒരാഴ്ചമുമ്പ് ആശ കൈ ഞരമ്പ്​ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് എസ്.പി ഓഫിസിൽ ലഭിച്ച പരാതിയെത്തുടർന്ന് ഇരുകൂട്ടരെയും വിളിച്ചുവരുത്തിയ പൊലീസ്​ ഭീഷണി തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്ന്​ പ്രദീപിന് മുന്നറിയിപ്പ്​ നൽകിയിരുന്നു.

പക്ഷേ, അന്നു രാത്രിതന്നെ പ്രദീപും ഭാര്യയും വീട്ടിൽചെന്ന് ഭീഷണിപ്പെടുത്തി ചില മുദ്രപ്പത്രങ്ങളിൽ ഒപ്പിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടതായി ആത്മഹത്യക്കുറിപ്പിലുണ്ട്. ആശയുടെ മരണം സംബന്ധിച്ച് വിശദ അന്വേഷണം നടത്തുന്നതിന് മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണന്‍റെ നേതൃത്വത്തിൽ 12 പേരടങ്ങുന്ന സംഘത്തെ ജില്ല പൊലീസ് മേധാവി എം. ഹേമലത ചുമതലപ്പെടുത്തി. പറവൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ആശയുടെ മൃതദേഹം കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policeblade mafiaMalayalam NewsObituary
News Summary - Borrowed 10 lakhs, returned 24 lakhs, interest 120%; blade moneylender Retired policeman
Next Story