‘ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ കൂകിവിളിച്ചത് പ്രകോപനമായി’; താമരശ്ശേരിയിലെ തമ്മിലടിക്ക് പിന്നില്‍ പ്രതികാരമെന്ന് വിദ്യാര്‍ഥികളുടെ മൊഴി
text_fieldsകോഴിക്കോട്: വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരിയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ കൂകി വിളിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രകോപനമെന്ന് വിദ്യാർഥികളുടെ മൊഴി. ഫെയര്‍വെലിനിടെയുണ്ടായ വാക്കേറ്റം അധ്യാപകർ ഇടപെട്ട് ഒഴിവാക്കിയെങ്കിലും പിന്നീട് വാട്സാപ്പ് ഗ്രൂപ്പിലൂടെയും മറ്റും ഇരുസംഘവും പ്രകോപനം തുടരുകയായിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒന്നിച്ചെത്തി ആക്രമിക്കുകയായിരുന്നു.
ഞായറാഴ്ചയാണ് ട്യൂഷൻ സെന്‍ററിൽ ഫെയര്‍വെല്‍ പാര്‍ട്ടി നടന്നത്. ഇതിനിടെ എളേറ്റില്‍ വട്ടോളി എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഡാന്‍സ് കളിച്ചു. ഡാന്‍സ് തീരുംമുമ്പ് പാട്ടുവെച്ച മൊബൈല്‍ ഫോണ്‍ ഓഫായി. ഇതോടെ താമരശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൂകിവിളിച്ചു. ഇതിലുള്ള പക സംഘര്‍ഷത്തിലേക്ക് നയിച്ചെന്നാണ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളുടെ മൊഴി.
പരസ്പരം കലഹിച്ച് വാക്കേറ്റം നടത്തിയ കുട്ടികളെ അധ്യാപകർ ഇടപെട്ട് സമാധാനിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് വാട്സാപ്പ് ഗ്രൂപ്പിലൂടെയും മറ്റും ഇരുസംഘവും പ്രകോപനം തുടർന്നു. വ്യാഴാഴ്ച വൈകീട്ട് ട്യൂഷന്‍ സെന്ററിന് സമീപത്ത് ഗുരുതര പരിക്കേറ്റ മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ എളേറ്റില്‍ സ്‌കൂളിലെ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തുകയും താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ഥികളുമായി കയ്യാങ്കളിയാവുകയുമായിരുന്നു.
വിദ്യാര്‍ഥികള്‍ തമ്മിൽ പലവട്ടം സംഘര്‍ഷം ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു. തുടക്കത്തിൽതന്നെ ട്യൂഷന്‍ സെന്ററില്‍ വിവരമറിയിച്ചിരുന്നു. കടയുടെ മുന്നില്‍നിന്ന് സംഘര്‍ഷം പിന്നീട് റോഡിലേക്ക് നീളുകയായിരുന്നു. മുപ്പതോളം വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞാണ് സംഘട്ടനത്തിലേർപ്പെട്ടത്. ഇതിനു ശേഷം വീട്ടിലെത്തിയ ഷഹബാസ്, വന്നപാടെ കിടക്കുകയും പിന്നീട് ഛർദിക്കുകയും ചെയ്തതോടെയാണ് വീട്ടുകാർ ആശങ്കയിലായത്.
പുറമെ കാര്യമായ പരിക്ക് കാണാതിരുന്ന ഷഹബാസ് രാത്രി അവശനിലയായതോടെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെനിന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷഹബാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

