സംസ്ഥാന പൊതുമേഖല ജീവനക്കാർക്ക് ബോണസ് നൽകും; ചൂരൽമല ദുരിതബാധിതർക്ക് രണ്ട് ലക്ഷം അധികസഹായം -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല പുനരധിവാസ ലിസ്റ്റിലുള്ള ഗുണഭോക്താക്കൾക്ക് രണ്ട് ലക്ഷം രൂപ അധികസഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലുള്ള ജീവനക്കാർക്ക് ഈ സാമ്പത്തിക വർഷം ബോണസ് നൽകുന്നത് സംബന്ധിച്ച് മാർഗരേഖ പുറപ്പെടുവിച്ചതായും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസർക്കാർ കൊണ്ടുവന്ന മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി നിയമം സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖനന നിയമ ഭേദഗതി ഫെഡറൽ വ്യവസ്ഥക്ക് എതിരാണ്. ഇത് സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റുമാണ്. സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന ഖനന റോയൽറ്റി ഇതിലൂടെ നഷ്ടമാകും. ഭൂമിയുടെ അധികാരം പൂർണമായും സ്റ്റേറ്റ്ലിസ്റ്റിൽ പെട്ടതാണ്. ഭേദഗതിയെ സംസ്ഥാനം അതിശക്തമായി എതിർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെസ്സിയെ കേരളത്തിൽ കൊണ്ടുവരും എന്ന പേരിൽ വൻ തട്ടിപ്പാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് കായികവകുപ്പ് സ്പെഷൽ സെക്രട്ടറി തയാറാക്കിയ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. ഇതുസംബന്ധിച്ച ഉത്തരവാദിത്തത്തിൽനിന്ന് മുൻ സർക്കാറിന് ഒഴിഞ്ഞുമാറാൻ പറ്റില്ല. ക്വട്ടേഷൻ വിളിക്കാതെയാണ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത്.
റിപ്പോർട്ട് ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരു തീരുമാനവും എടുത്തിട്ടില്ല. അതിനിടെ ഞാൻ ഒരു കമ്പനിയെ പൂട്ടിക്കാൻ നടക്കുന്നു എന്നൊക്കെ പറയുന്നത് അസംബന്ധമാണ്. മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് സംബന്ധിച്ച് വാർത്ത നേരത്തെ തന്നെ അന്തരീക്ഷത്തിലുള്ള കാര്യമാണ്. എല്ലാവർക്കും അറിയാവുന്നതുമാണ്. അത് ഏതെങ്കിലും ഒരു പത്രത്തിൽ മാത്രം വന്നതല്ല. എല്ലാ മാധ്യമങ്ങളിലും വാർത്ത വന്നിട്ടുണ്ട്. ഞാൻ മനോരമയും മാതൃഭൂമിയും ഒക്കെ സന്ദർശിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട പണമിടപാടിൽ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തന്നെ ജി.എസ്.ടി വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അതിൽ അന്വേഷണം നടന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഉചിതമായ ഏജൻസികൾ പ്രാഥമിക അന്വേഷണം നടത്തും. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ വിപുലമായ തരത്തിൽ കേന്ദ്ര ഏജൻസികളുടെ സഹായം വേണമോ എന്ന് തീരുമാനിക്കുക. എഫ്.സി.ആർ.എ ലംഘനം നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

