പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് അനുവദിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാന്‍ തീരുമാനിച്ചു. മുന്‍വര്‍ഷത്തെ പ്രവര്‍ത്തനലാഭത്തെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും നല്‍കാവുന്ന മൊത്തം ആനുകൂല്യങ്ങള്‍ (ബോണസ്/എക്സ്ഗ്രേഷ്യ/ഉത്സവബത്ത/ഗിഫ്റ്റ്) മുന്‍ വര്‍ഷത്തെ തുകയെക്കാള്‍ രണ്ടു ശതമാനം മുതല്‍ എട്ടു ശതമാനം വരെ ലാഭവര്‍ധനവിന് ആനുപാതികമായി അധികം നല്‍കുന്നത് പരിഗണിക്കും.
പത്രപ്രവര്‍ത്തക പെന്‍ഷന്‍ സെക്ഷന്‍
പത്രപ്രവര്‍ത്തക പെന്‍ഷന്‍, ഇതരപെന്‍ഷന്‍, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധജോലികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ ഒരു ഡെപ്യൂട്ടി ഡയറക്ടര്‍, ഒരു സെക്ഷന്‍ ഓഫിസര്‍, രണ്ട് അസിസ്റ്റന്‍റ് എന്നീ തസ്തികകള്‍ സൃഷ്ടിക്കും.
സ്റ്റേറ്റ് സെൻട്രല്‍ ലൈബ്രറിയില്‍ അഡ്മിനിസ്ട്രിറ്റേറ്റീവ് ഓഫിസര്‍ നിയമനത്തിന് പൊതുഭരണ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ ഒരു തസ്തിക സൃഷ്ടിക്കും. കേരള ഡെന്‍റല്‍ കൗണ്‍സിലില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, കമ്പ്യൂട്ടര്‍ അസിസ്സ്റ്റന്‍റ്, യു.ഡി ക്ലര്‍ക്ക് എന്നിവയുടെ ഓരോ തസ്തികകളും എല്‍.ഡി ക്ലര്‍ക്കിന്‍റെ രണ്ട് തസ്തികകളും സൃഷ്ടിക്കും. അതിക തസ്തികയുമായി ബന്ധപ്പെട്ട ചെലവുകള്‍ കൗണ്‍സില്‍ തന്നെ കണ്ടെത്തണം.
സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനും നൈറ്റ് വാച്ചര്‍/സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലും പുറം കരാര്‍ നല്‍കുന്നതിനും ഡെന്‍റല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് അനുമതി നല്‍കി.
ജസ്റ്റിസ് പി. ഉബൈദ് കാപ്പ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍
കാപ്പ അഡ്വൈസറി ബോര്‍ഡിന്‍റെയും എന്‍.എസ്.എ, കോഫെപോസ, പി.ഐ.ടി -എന്‍.ഡി.പി.എസ് എന്നീ ആക്ടുകള്‍ പ്രകാരമുള്ള അഡ്വൈസറി ബോര്‍ഡുകളുടെയും ചെയര്‍മാനായി റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി. ഉബൈദിനെ നിയമിക്കും.
ശമ്പളപരിഷ്കരണം
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ അനുബന്ധ ഗവേഷണ സ്ഥാപനമായ ശ്രീനിവാസ രാമനുജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസിലെ ഓഫിസ് അറ്റന്‍റന്‍റ്, ഓഫിസ് അസിസ്റ്റന്‍റ് എന്നീ തസ്തികകള്‍ക്ക് പത്താം ശബള പരിഷ്കരണം അനുവദിച്ചു. 2024 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യമുണ്ടാകും.
നഷ്ടപരിഹാരം
കടന്നല്‍ ആക്രമണത്തില്‍ ഭാര്യ മരണമടഞ്ഞ സംഭവത്തില്‍ ഇടുക്കി സൂര്യനെല്ലി സ്വദേശി ബാലകൃഷ്ണന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും.
ദുരിതാശ്വാസ നിധി തുക വിതരണം
2024 ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു 3,24,68,500 രൂപയാണ് വിതരണം ചെയ്തത്. 1828 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.