തിരുവനന്തപുരം: കരാറുകാർക്ക് പ്രവൃത്തിയുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ ബോണസ് ഏർപ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കരാറുകാരുടെ വിവിധ സംഘടനകളുമായി നടത്തിയ ചർച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിശ്ചിതസമയത്തിനുള്ളിൽ ഗുണമേന്മയോടെ പണി പൂർത്തിയാക്കുന്ന കരാറുകാർക്ക് കരാർ തുകയുടെ നിശ്ചിത ശതമാനം ബോണസായി നൽകും. ജോലി കൃത്യമായി നിർവഹിക്കുന്ന കരാറുകാർക്ക് ഇത് വലിയ ഊർജമാകും. തെറ്റായ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നവർക്ക് തിരുത്താനും ഇത് അവസരം നൽകും. ബോണസ് ഉത്തരവ് ഉടൻ ഇറങ്ങും. വകുപ്പിന്‍റെ പ്രധാന ലക്ഷ്യമായ സുതാര്യത ഉറപ്പുവരുത്തലും കരാറുകാരെ പ്രോത്സാഹിപ്പിക്കലുമാണ് ലക്ഷ്യം.
പ്രവൃത്തികളിൽ പുതിയ നിർമാണ രീതികൾ ഏർപ്പെടുത്താനുള്ള തീരുമാനം കരാറുകാർ സ്വാഗതം ചെയ്തു. പുതിയ സാങ്കേതികവിദ്യ സംബന്ധിച്ച് കരാറുകാർക്ക് പരിശീലനം നൽകും. ഇതിന് കെ.എച്ച്.ആർ.ഐയെ ചുമതലപ്പെടുത്തി. നിലവിൽ ഉദ്യോഗസ്ഥർക്കും എൻജിനീയർമാർക്കുമാണ് മേഖല തലത്തിൽ പരിശീലനം നൽകുന്നത്. നിർമാണസാമഗ്രികളുടെ വില വർധന വലിയ ബാധ്യതയുണ്ടാക്കുന്നെന്ന കരാറുകാരുടെ പരാതിയിൽ ധനമന്ത്രിയുമായി ചർച്ച നടത്തും. റോഡിൽ കുഴികളില്ലാത്ത കേരളം എന്ന ലക്ഷ്യത്തിനായി നടപ്പാക്കിയ റണ്ണിങ് കോൺട്രാക്ടിനെയും കരാറുകാർ അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. കരാറുകാരുടെ ഏകോപന സമിതിയെ പ്രതിനിധീകരിച്ച് മോൻസ് ജോസഫ് എം.എൽ.എ, വർഗീസ് കണ്ണമ്പള്ളി, നജീബ് മണ്ണേൽ, കെ.ജെ. വർഗീസ്, സണ്ണി ചെന്നിക്കര, രാജേഷ് മാത്യു, പോൾ ടി. മാത്യു, കെ. അനിൽകുമാർ അഷറഫ് കടവിളാകം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.