ബോണക്കാട് കുരിശുമല കയറ്റം തടഞ്ഞു; പൊലീസിന് നേരെ കല്ലേറ്, ലാത്തിചാർജ്
text_fieldsവിതുര (തിരുവനന്തപുരം): ബോണക്കാട് വനത്തിലെ കുരിശുമലയിലേക്ക് ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ വിശ്വാസികൾ നടത്തിയ കുരിശുയാത്ര പൊലീസ് തടഞ്ഞത് സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചു.
ബോണക്കാട് കാണിത്തടത്തും പിന്നീട് വിതുരയിലുമായി രണ്ടുതവണ പൊലീസ് ലാത്തിവീശി. സ്ത്രീകളടക്കമുള്ള വിശ്വാസികളെ പൊലീസ് വളഞ്ഞിട്ട് തല്ലി. വൈദികരും കന്യാസ്ത്രീകളും പൊലീസും ഉൾപ്പെടെ 50ഒാളം പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 50പേരെ അറസ്റ്റ് ചെയ്തു. നാലുകേസുകൾ രജിസ്റ്റർ െചയ്തു. അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടയച്ചു.
എല്ലാവർഷവും ജനുവരി ആദ്യ വെള്ളിയാഴ്ച കുരിശുമലയിൽ പ്രാർഥന നടത്താറുണ്ട്. ഇക്കൊല്ലം അവിടെ സ്ഥാപിച്ചിരുന്ന കുരിശ് തകർന്നിരുന്നു. പകരം ഒരു കുരിശ് അവിടെ സ്ഥാപിച്ചിരുന്നു. ഇടിമിന്നലിൽ തകർന്നതെന്ന് അധികൃതരും േബാംബുവെച്ച് തകർത്തതെന്ന് രൂപതയും വിശദീകരിക്കുന്ന സ്ഥലത്തേക്കാണ് രണ്ടായിരത്തോളം വിശ്വാസികൾ വെള്ളിയാഴ്ച രാവിലെ പത്തോടെ വാഹനങ്ങളിലായി പോയത്.
കുരിശ് തകർത്തതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ നിലവിലുള്ള കേസിൽ മലയിൽ പുതിയ നിർമാണം പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നും ഉത്തരവുണ്ടായിരുന്നു. അനൗപചാരികമായി ആരാധന നടത്താൻ 15പേരെ കുരിശുമലയിലേക്ക് കടത്തിവിടാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും മുഴുവൻ പേരെയും കടത്തിവിടണമെന്നായിരുന്നു സഭാ നേതൃത്വത്തിെൻറ ആവശ്യം. ഇത് നിരാകരിച്ചു. പിന്നീട് വിതുരയിലെത്തി കലുങ്ക് ജങ്ഷനിൽ വിശ്വാസികൾ റോഡ് ഉപരോധിച്ചു.
കെ.എസ്.ആർ.ടി.സി ബസിന് നേരെയും കടകൾക്കുനേരെയും കല്ലേറുണ്ടായി. ഇതോടെ വീണ്ടും രൂക്ഷമായി ലാത്തിച്ചാർജ് നടത്തി. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു. സംഭവത്തിൽ പ്രതിഷേധിച്ചും പ്രാർഥനക്ക് അനുമതിതേടിയും നെയ്യാറ്റിൻകര രൂപത സെക്രേട്ടറിയറ്റിന് മുന്നിൽ സമരം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
