ബി.ജെ.പി പ്രവർത്തകർക്കുനേരെ ബോംബേറ്: 10 സി.പി.എമ്മുകാർക്ക് 25 വർഷം തടവ്
text_fieldsതളിപ്പറമ്പ്: ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 സി.പി.എം പ്രവർത്തകർക്ക് 25 വർഷം തടവും 2,60,000 രൂപ വീതം പിഴയും. തിമിരി എളയാട് മേമന ഹൗസിൽ എം.കെ. പ്രദീപ്കുമാർ (59), സി.പി.എം ഏരിയ കമ്മിറ്റിയംഗവും ആലക്കോട് ഗ്രാമപഞ്ചായത്തംഗവുമായ തിമിരി അടുക്കം ഇടത്തിലെ വീട്ടിൽ ഹൗസിൽ പി.വി. ബാബുരാജ് (52), കാരയാട് തെക്കിനിയിൽ ഹൗസിൽ ടി.വി. ബിനു, കൂത്തമ്പലം പനയംതട്ട പുതിയ പുരയിൽ ഹൗസിൽ പി.പി. സത്യൻ (50), അടൂക്കം ഇടത്തിലെ വീട്ടിൽ ഹൗസിൽ ഇ.വി. വിനോദ്കുമാർ (52), എളയാട് പാലേരി വിജയൻ (56), എളയാട് കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ കെ.പി. സുരേഷ് (56), തിമിരി ചെറുപാറ കേക്കേവയൽ ഹൗസിൽ ടോബി (44), കോറോത്ത് വളപ്പിൽ ജനാർദനൻ (63), കാരയാട് മാൻവെട്ടും കുന്നേൽ ഹൗസിൽ ശിവപ്രസാദ് (52) എന്നിവരെയാണ് ശിക്ഷിച്ചത്. രണ്ടാം പ്രതി ടി.വി. ബിനു ഒഴികെയുള്ള പ്രതികൾക്ക് വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം വീതം തടവാണ് അനുഭവിക്കേണ്ടത്. ബിനു 25 വർഷവും ശിക്ഷയനുഭവിക്കണമെന്ന് തളിപ്പറമ്പ് ജില്ല അഡി. സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് വിധിന്യായത്തിൽ വ്യക്തമാക്കി. എഫ്.ഐ.ആറിൽ 12 പ്രതികളുണ്ടായിരുന്നു. അതിൽ വി.സി. ബാബു, ആശാരി വിജയൻ എന്നിവരെ അന്വേഷണഘട്ടത്തിൽ ഒഴിവാക്കി.
2011 നവംബർ 27ന് വൈകീട്ട് 4.30ഓടെ ആലക്കോട് തിമിരി ഔവർ കോളജിന് സമീപമാണ് ബോംബേറ് നടന്നത്. പ്രദേശത്ത് ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കമാണ് ബോംബേറിൽ കലാശിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോകുന്നവർക്കു നേരെയാണ് ബോംബേറുണ്ടായത്. ഒമ്പതുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെറുപുഴ സ്വദേശികളായ ഇ.വി. രാമചന്ദ്രൻ, എ.ടി. സന്തോഷ്, ചന്ദ്രൻ, ജോജി ഫിലിപ്പ്, ലാൽകൃഷ്ണൻ, എം.സി. നാരായണൻ, എം.കെ. മുരളി, ഷിജിൽ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു. രമേശൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

