കല്യാണവീട്ടിലെ ബോംബേറ്; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
text_fieldsബോംബേറ് കേസിൽ അറസ്റ്റിലായ ഗോകുൽ, മിഥുൻ, സനാദ് എന്നിവർ
കണ്ണൂർ: തോട്ടടയിൽ വിവാഹവീട്ടിനടുത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബോംബേറിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്തുക്കളായ ഏച്ചൂർ സ്വദേശിയും കടമ്പൂർ താമസക്കാരനുമായ പറമ്പത്ത് മാധവി ഹൗസിൽ പി. സനാദ് (21), എച്ചൂർ സ്വദേശി കാനോത്ത് വീട്ടിൽ പി.കെ. ഗോകുൽ (24) എന്നിവരാണ് അറസ്റ്റിലായത്.
ഏച്ചൂർ സ്വദേശികളായ അക്ഷയ്, മിഥുൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. സംഭവത്തിൽ ഉൾപ്പെട്ട മൂന്നു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജിഷ്ണു കൊല്ലപ്പെട്ട ബോംബാക്രമണത്തിലെ മുഖ്യ ആസൂത്രകൻ ചൊവ്വാഴ്ച അറസ്റ്റിലായ മിഥുനാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ബോംബുണ്ടാക്കിയത് താനാണെന്ന് മിഥുൻ പൊലീസിനോട് കുറ്റസമ്മതം നടത്തിയതായി എ.സി.പി പി.പി. സദാനന്ദൻ പറഞ്ഞു. പ്രതികൾ ബോംബ് ഉണ്ടാക്കിയ സ്ഥലം കണ്ടെത്തിയെന്നും സംഭവദിവസം തലേന്ന് മിഥുന്റെ വീട്ടുപരിസരത്ത് വെച്ച് സ്ഫോടകവസ്തുക്കൾ പൊട്ടിച്ച് പരിശീലനം നടത്തിയെന്നും എ.സി.പി അറിയിച്ചു.
കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നും അന്വേഷിച്ചുവരുന്നതായും എ.സി.പി പറഞ്ഞു. ബോംബ് ആക്രമണം പരാജയപ്പെടുകയാണെങ്കിൽ ആയുധം കൊണ്ട് ആക്രമിക്കാനും സംഘം പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ സനാദാണ് ആയുധം എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സനാദ് ആയുധവുമായെത്തിയ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബോംബ് എവിടെ വെച്ച് നിർമിച്ചുവെന്ന് അന്വേഷിച്ചുവരുകയാണ്. സനാദിന്റെ കൈയിൽനിന്ന് മിഥുൻ വടിവാൾ വാങ്ങി തോട്ടട സ്വദേശിയായ യുവാക്കളെ ആക്രമിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

