പേടി കാരണം പിണറായി സ്വയം പറഞ്ഞു നടക്കുന്നതാണ് ബോംബ് കഥ -ചെന്നിത്തല; കേരളം 'കടബോംബി'ന്‍റെ പുറത്ത്
text_fieldsആലപ്പുഴ: കൊള്ളരുതായ്മകള്‍ ഒരുപാട് ചെയ്തുകൂട്ടിയതിന്‍റെ പേടി കാരണം മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം പറഞ്ഞു നടക്കുന്നതാണ് ബോംബ് കഥയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറച്ചു നാളായി ബോംബ് ബോംബ് എന്നു പറഞ്ഞ് പേടിച്ചു നടക്കുകയാണ് മുഖ്യമന്ത്രി. യഥാർഥത്തില്‍ കേരളം ഒരു ബോംബിന്‍റെ പുറത്താണ് ഇപ്പോൾ. കടബോംബാണ് അത്. ചുമക്കാന്‍ കഴിയാത്ത അതിഭീമമായ കടമാണ് കേരളത്തിന്മേല്‍ ഇടതു സര്‍ക്കാര്‍ വലിച്ചു കയറ്റി വച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി തോമസ് ഐസക് ഒരു തമാശ പറഞ്ഞു. 5000 കോടി രൂപ മിച്ചം വച്ചിട്ടാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്ന്. ഈ മാര്‍ച്ച് 30 ന് 4000 കോടിരൂപ കടമെടുത്തു. അത് ട്രഷറിയിലിട്ട ശേഷമാണ് മിച്ചമിരുപ്പുണ്ട് എന്ന് പറഞ്ഞത്. കടം വാങ്ങി വച്ചിട്ട് ഇതാ മിച്ചം ഇരിക്കുക്കുന്നത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനകാര്യവൈദഗ്ധ്യം അല്പം കടന്നതാണ്.
രണ്ടായിരം കോടി കൂടി സംസ്ഥാനത്തിന് ഇനിയും കടമെടുക്കാന്‍ കഴിയുമെന്നാണ് ധന മന്ത്രി പറയുന്നത്. അതും കൂടി ചേര്‍ത്താണ് 5000 കോടി മിച്ചമിരിക്കുകയാണെന്ന് തോമസ് ഐസക്ക് പറയുന്നത്. അതായത് കടം വാങ്ങാനുള്ളതും കൂടി ചേര്‍ത്ത് മിച്ചമുണ്ടെന്ന് പറയുക. ജനങ്ങളെ ഇങ്ങനെ വിഡ്ഡികളാക്കാനുള്ള വൈഭവം തോമസ് ഐസക്കിന് മാത്രമേ ഉണ്ടാകൂ. കേരളത്തിന്‍റെ സാമ്പത്തിക നില കുട്ടിച്ചോറാക്കിയത് തോമസ് ഐസക്കിന്‍റെ ഈ തലതിരഞ്ഞ വൈഭവമാണ്.
2016ല്‍ ഇടതുസര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ആളോഹരി കടം 46,078 രൂപയായിരുന്നു. ഇപ്പോഴത് 90,000 രൂപ കഴിഞ്ഞിരിക്കുന്നു. അതായത് ഓരോ കുഞ്ഞും 90,000 രൂപ കടക്കാരനായാണ് ജനിച്ചുവീഴുന്നത്. ആ അവസ്ഥയിലാണ് ഇടതു സര്‍ക്കാര്‍ കേരളത്തെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ മാത്രം വാങ്ങിയ കടം 22000 കോടി രൂപയാണ്.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വായ്പയായി സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയ തുകയില്‍ 64,500 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് ഈ സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ നല്‍കിയ കണക്ക്. വിദേശ വായ്പയായി തിരിച്ചടയ്ക്കേണ്ടിവരുന്നത് 2862 കോടി രൂപ. 9.72 ശതമാനം കൊള്ളപ്പലിശയ്ക്ക് വാങ്ങിയ മസാല ബോണ്ടിന്റെ 2150 കോടിയും അടുത്ത വര്‍ഷങ്ങളില്‍ തിരികെ നല്‍കണം. ഇതിന്റെ പലിശ നല്‍കി തുടങ്ങിയിട്ടുണ്ട്. ഇതിനകം നല്‍കിയത് 313.77 കോടി രൂപ.
കഴിഞ്ഞ അഞ്ച് വര്‍ഷവും ചിലവ് വർധിക്കുകയും ധൂര്‍ത്തടിക്കുകയും ചെയ്തു എന്നതല്ലാതെ ഉൽപാദനം വർധിപ്പിക്കാനുള്ള യാതൊന്നും ഈ സര്‍ക്കാര്‍ ചെയ്തില്ല. ഇത്രയും പിടിപ്പുകെട്ട മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. പി.ആര്‍ ഏജന്‍സികള്‍ കോടികള്‍ വാരി ഒഴുക്കി ഊതി പ്പെരുക്കിയ ഇമേജ് മാത്രമേ പിണറായി സര്‍ക്കാറിനുള്ളൂ. ഇനിയും ഒരിക്കല്‍കൂടി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തിന്‍റെ സമ്പദ്ഘടന ഒരിക്കലും കരകയറാനാവാത്ത വിധം പൂര്‍ണ്ണമായും തകരുമെന്ന് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

