വീട്ടിൽ സൂക്ഷിച്ച ബോംബിന് സമാനമായ പടക്കം പിടികൂടി; യുവാവിനെതിരെ കേസ്
text_fieldsമലയിൻകീഴ്: ബോംബിന് സമാനമായ അഞ്ച് പടക്കങ്ങൾ പിടികൂടി. ഇവ വീട്ടിൽ സൂക്ഷിച്ച യുവാവിനെതിരെ പിതാവ് അറിയിച്ചതനുസരിച്ച് പൊലീസ് കേസെടുത്തു. വിളവൂർക്കൽ പേയാട് അമ്മൻകോവിലിന് സമീപത്തെ റാക്കോണത്ത് മേലേപുത്തൻ വീട്ടിൽനിന്ന് ഞായറാഴ്ച രാത്രിയാണ് മലയിൻകീഴ് പൊലീസ് ബോംബുകൾക്ക് സമാനമായ അഞ്ച് പടക്കങ്ങൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അയ്യപ്പൻചെട്ടിയാരുടെ മകൻ അരുൺലാലിനെതിരെ (23) പൊലീസ് കേസെടുത്തു.
ബോംബുകൾ വീട്ടിൽ സൂക്ഷിച്ച വിവരം അയ്യപ്പൻചെട്ടിയാർതന്നെയാണ് മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അറിയിച്ചത്. ഓട്ടോ ഡ്രൈവറായ അരുൺലാൽ വീട്ടിലും നാട്ടിലും പ്രശ്നക്കാരനാണ്. മദ്യപിച്ച് വീട്ടിലെത്തി വഴക്കിട്ട് തന്നെ ദേഹോപദ്രവം ഏൽപിക്കാറുണ്ടെന്നും പിതാവ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. പടക്കം കാണിച്ച് ഭീഷണി മുഴക്കിയ അരുൺലാലിനോട് വീട്ടിൽനിന്ന് ഇവ മാറ്റണമെന്ന് അയ്യപ്പൻചെട്ടിയാർ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതിനെ തുടർന്നാണ് അദ്ദേഹം സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചത്. തിരിയോടുകൂടിയ നാടൻ ഇനത്തിൽപെട്ട പടക്കങ്ങളാണ് ഇവയെന്ന് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബി.ഡി.ഡി.എസ്) പരിശോധനയിൽ സ്ഥിരീകരിച്ചു. അരുൺലാൽ ഒളിവിലാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് മലയിൻകീഴ് സി.ഐ ടി. ജയകുമാർ അറിയിച്ചു.
അരുൺലാൽ ബി.ജെ.പി പ്രവർത്തകനാണെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. എന്നാൽ, കഴിഞ്ഞ ഹർത്താൽ ദിനത്തിൽ ഓട്ടോറിക്ഷയുമായി സവാരി പോകാനെത്തിയ അരുൺലാലുമായി ബി.ജെ.പി പ്രവർത്തകർ വാക്ക് തർക്കം ഉണ്ടായതായും പ്രവർത്തകരെ ആക്രമിച്ച കേസിൽ അരുൺലാൽ പ്രതിയാണെന്നുമാണ് ബി.ജെ.പിക്കാർ പറയുന്നത്. എന്നാൽ, ഏത് പാർട്ടിയുടെ പ്രവർത്തകനാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മലയിൻകീഴ് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
