ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ രണ്ടുതവണ സ്ഫോടനമുണ്ടായിട്ടും നടപടി പേരിനുമാത്രം
text_fieldsകാക്കയങ്ങാട് ആയിച്ചോത്ത് അമ്പലമുക്ക് പന്നിയോട് സ്ഫോടനം നടന്ന ആർ.എസ്.എസ് പ്രവർത്തകന്റെ വീട്
കണ്ണൂർ: രാഷ്ട്രീയ കൊലപാതകൾക്ക് നേരിയ ഇടവേള നിലനിൽക്കെ കണ്ണൂരിനെ ഭീതിയിലാഴ്ത്തുന്ന ബോംബ് നിർമാണത്തിലും സ്ഫോടനത്തിലും നടപടികൾ പേരിനുമാത്രം. കാക്കയങ്ങാട് ആയിച്ചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കോലപറമ്പത്ത് വീട്ടിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ആർ.എസ്.എസ് പ്രവർത്തകൻ എ.കെ. സന്തോഷ് (35), ഭാര്യ ലസിത എന്നിവർക്ക് പരിക്കേറ്റ സംഭവത്തിലും പൊലീസ് നടപടി കാര്യക്ഷമമല്ലെന്ന വിമർശനം ശക്തമാണ്.
ഇയാളുടെ വീട്ടിൽ രണ്ടുതവണയാണ് സമാന രീതിയിൽ സ്ഫോടനമുണ്ടായതെന്നിരിക്കെ കേസിന്റെ ഗൗരവം കണക്കിലെടുത്ത് കാര്യമായ അന്വേഷണംപോലും നടത്തുന്നില്ലെന്നാണ് സൂചന. ഇരുവർക്കുമെതിരെ സ്ഫോടകവസ്തു കൈകാര്യം ചെയ്തതതിന് മുഴക്കുന്ന് പൊലീസ് ജാമ്യമില്ല കേസ് രജിസ്റ്റർ ചെയ്തത് ഒഴിച്ചാൽ ബാക്കി കാര്യങ്ങളെല്ലാം ചട്ടപ്പടിയാണ്.
ഞായറാഴ്ച വൈകീട്ടുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ ഇരുവരെയും ഇരിട്ടിയിലെ പ്രാഥമിക ചികിൽസക്കുശേഷം കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
2018ലും സമാനരീതിയിൽ സ്ഫോടനമുണ്ടാവുകയും സന്തോഷിന്റെ വിരൽ അറ്റുപോവുകയും ചെയ്തിരുന്നു. ബോംബ് നിർമാണത്തിനിടെയാണ് ഗുരുതര പരിക്കെന്ന് അന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. ഈയൊരു ധൈര്യത്തിൽനിന്നാണ് പ്രതി വീണ്ടും ബോംബ് നിർമാണത്തിലേക്ക് തിരിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്.
ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിലുണ്ടായ സ്ഫോടനം തുടക്കം മുതലേ മൂടിവെക്കാൻ ശ്രമമുണ്ടായെന്നാണ് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചത്. ബോംബ് നിർമാണമോ സ്ഫോടനമോ നടന്നുവെന്ന് സ്ഥിരീകരിക്കാൻ ആദ്യം മുതലേ പൊലീസും സന്നദ്ധമായിരുന്നില്ല.
ബോംബ് സ്‌ഫോടനം സമാധാനന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗം -സി.പി.എം
പേരാവൂർ: കാക്കയങ്ങാട് ആയിച്ചോത്ത് വീട്ടിനുള്ളിൽ നടന്ന ബോംബ് സ്‌ഫോടനം പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം പേരാവൂർ ഏരിയാക്കമ്മിറ്റി ആരോപിച്ചു.
മാതാപിതാക്കളും മക്കളുമുള്ള വീട്ടിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും സ്ഥിരമായി ബോംബുൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുകയും ചെയ്യുകയാണ് ആർ.എസ്.എസ്. ക്രിമിനലുകളെ വളർത്തുകയും എതിരാളികളെ കൊന്നൊടുക്കാൻ ബോംബ് നിർമാണമുൾപ്പടെ നടത്തി സ്വജീവൻ കളയുന്ന പ്രവർത്തകരെ സൃഷ്ടിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നത്. ഫോടനത്തിനുത്തരവാദികളായവരെയും ബോംബ് നിർമ്മിക്കാൻ ഗൂഡാലോചന നടത്തിയവരെയും കണ്ടെത്താൻ സമഗ്രാന്വേഷണം വേണമെന്ന് ഏരിയ കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.