വ്യാജ നിയമനം; ദാറുന്നജാത്ത് സ്കൂളിനെതിരായ നടപടിക്ക് സർക്കാർ അനുമതി
text_fieldsമലപ്പുറം: ചട്ടവിരുദ്ധ നിയമനവും വ്യാപക ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം കരുവാരകുണ്ടിലെ ദാറുന്നജാത്ത് യു.പി സ്കൂൾ അധ്യാപകർക്കും മാനേജർക്കുമെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് സർക്കാറിന്റെ അനുമതി. ഗുരുതര ക്രമക്കേടിനെ തുടർന്ന് കുറ്റക്കാരായ മൂന്ന് അധ്യാപകർക്കും ഹെഡ്മാസ്റ്റർക്കും മാനേജർക്കുമെതിരെ ക്രിമിനൽ നടപടിക്ക് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ ശിപാർശ ചെയ്ത കേസിലാണ് 15 ദിവസത്തിനകം നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം.
ഡി.പി.ഐയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് മൂന്ന് അധ്യാപകർ വ്യാജ നിയമനരേഖയുണ്ടാക്കി മുൻകാല പ്രാബല്യത്തോടെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന് കണ്ടെത്തിയത്. സമസ്തയിലെ പ്രമുഖ സംഘടന നേതാവിന്റെ ബന്ധുക്കൾ കുറ്റക്കാരായ കേസിൽ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് സർക്കാറിനോട് അനുമതി തേടിയിരുന്നു.
നടപടി വൈകിയതിനെ തുടർന്ന് പരാതിക്കാരനായ എം. ഹുസൈനാർ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. ഹരജിയിൽ ഹൈകോടതി വിശദീകരണം തേടിയിരുന്നെങ്കിലും സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. അടുത്ത ദിവസം ഹരജി വീണ്ടും കോടതി പരിഗണിക്കാനിരിക്കയാണ്.
കേന്ദ്ര സർക്കാറിന്റെ ഏരിയ ഇന്റൻസിവ് പ്രോഗ്രാം പ്രകാരം അനുവദിച്ച സ്കൂളിലെ അധ്യാപകർക്ക് 2015 മുതൽ അംഗീകാരം നൽകി 2019ലാണ് മുൻകാല പ്രാബല്യമുള്ള ഉത്തരവിറങ്ങിയത്. ഈ ഉത്തരവിന്റെ മറവിൽ മൂന്ന് അധ്യാപകർക്ക് വ്യാജരേഖയുണ്ടാക്കി സർക്കാറിൽ സമർപ്പിച്ച് മുൻകാല പ്രാബല്യത്തോടെ ശമ്പളം കൈപ്പറ്റി എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

