മരണത്തിൽ ദുരൂഹത: യുവാവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തേക്കും
text_fieldsതോമസ്
മുക്കം: മരണത്തിൽ ദുരൂഹതയെ തുടർന്ന് കഴിഞ്ഞ നാലാം തീയതി മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനം. തോട്ടുമുക്കം പനംപ്ലാവ് സ്വദേശിയും ടിപ്പർ ഡ്രൈവറുമായ പുളിക്കൽ തോമസിന്റെ (തൊമ്മൻ-36) മൃതദേഹമാണ് വീട്ടുകാരുടെ പരാതിയെ തുടർന്ന് പുറത്തെടുക്കുന്നത്.
മൃതദേഹം സംസ്കരിച്ചതിനു ശേഷമാണ് സുഹൃത്തുക്കളുമായി അടിപിടിയുണ്ടായിരുന്നുവെന്നും അതിൽ തോമസിന് നന്നായി പരിക്കേൽക്കുകയും ചെയ്തിരുന്നുവെന്ന് വീട്ടുകാർ അറിയുന്നത്. ശരീരവേദനയെ തുടർന്ന് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്നെടുത്ത എക്സ്റേയിൽ തോളെല്ലിൽ പൊട്ടലുള്ളതായി കണ്ട് നാലാം തീയതി എല്ല് വിഭാഗം ഡോക്ടറെ കാണാൻ തീരുമാനിച്ചിരുന്നെങ്കിലും പുലർച്ച വീട്ടുകാർ വിളിച്ചപ്പോൾ തോമസ് അനക്കമില്ലാത്ത സ്ഥിതിയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ രണ്ടാം തീയതി സമീപത്തെ ആയുർവേദ ചികിത്സാലയത്തിലും മൂന്നാം തീയതി സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. സ്വാഭാവിക മരണമെന്ന നിലയിൽ പനമ്പിലാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ തോമസിന്റെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
അടിപിടി ഉണ്ടാക്കിയ സുഹൃത്തുക്കളോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധ മൊഴിയാണ് ലഭിച്ചതെന്നും അതാണ് സംശയം ഉണ്ടാകാൻ കാരണമെന്നും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് അരീക്കോട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനമായത്. തിങ്കളാഴ്ച രാവിലെ 11നാണ് പോസ്റ്റ്മോർട്ടം നടക്കുക. തോമസ് അവിവാഹിതനാണ്.