ബോഡി ഷെയ്മിങും റാഗിങ്ങും ഇനി കുറ്റമാകും; കരട് ഭേദഗതി ഹൈകോടതിയിൽ
text_fieldsകൊച്ചി: ബോഡി ഷെയ്മിങും റാഗിങ്ങും കുറ്റമാക്കുന്നത് ഉൾപ്പെടെ 1998ലെ റാഗിങ് വിരുദ്ധ നിയമത്തിൽ കാലാനുസൃത മാറ്റം വരുത്താൻ പുതിയ കരട് ഭേദഗതി ഹൈകോടതിയിൽ ഹാജരാക്കി. കേരള ലീഗൽ സർവീസസ് അതോറിറ്റിയും (കെൽസ) യു.ജി.സിയും മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശങ്ങൾ ഉൾപ്പെടെ പരിഗണിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹരജികൾ രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും.
കരട് നിയമത്തിൽ ഫ്രഷർ എന്ന പ്രയോഗം ഒഴിവാക്കണമെന്ന് കെൽസ ആവശ്യപ്പെട്ടിട്ടുണ്ട്. റാഗിങ്ങിനെക്കുറിച്ച‌് വിദ്യാഭ്യാസ സ്ഥാപന അധികൃതർ അറിയിക്കാതിരിക്കുന്നത് കുറ്റകരമാക്കണമെന്നും കരടിൽ പറയുന്നുണ്ട്. റാഗിങ്ങിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് ബി.എൻ.എസ്,ഐ.ടി നിയമം,എൻ.ഡി.പി.എസ് നിയമം തുടങ്ങിയവയിലെ വകുപ്പുകളായിരിക്കും ചുമത്തുക. ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്ത് കരടിന് അന്തിമരൂപം നൽകുന്നതിനായി രണ്ട് മാസം സമയം അനുവദിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ, അക്കാദമിക്, റെസിഡൻഷ്യൽ, കളി സ്ഥലങ്ങൾ, കാന്റീനുകൾ, ബസ് സ്റ്റാൻഡ്, ഹോം സ്റ്റേകൾ, വിദ്യാർഥികൾ ആശ്രയിക്കുന്ന ഗതാഗത ഉപാധികൾ എന്നിങ്ങനെ പഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഉപയോഗിക്കുന്ന പൊതു സ്വകാര്യ ഇടങ്ങളെല്ലാം നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും.എല്ലാ കോച്ചിങ്, ട്യൂഷൻ സെന്ററുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിദ്യാർഥി സൗഹൃദ ആന്റി–റാഗിങ് സെൽ സ്ഥാപിക്കും. സബ് ഇൻസ്പെക്ടറുടെയോ സീനിയർ സിവിൽ പൊലീസ് ഓഫിസറുടെയോ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ബീറ്റ് ഓഫിസറായി നിയമിക്കും. റാഗിങ്ങിന് ഇരയായവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ വ്യവസ്ഥയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

