കോട്ടയം: കൂട്ടിക്കലിലെ പ്ലാപ്പള്ളിയിൽ നിന്ന് ഒരു മൃതദേഹത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തി. പ്ലാപ്പള്ളി താളുങ്കലിൽ നിന്നാണ് രണ്ട് കാലുകൾ ഒഴികെയുള്ള മൃതദേഹത്തിന്‍റെ ഭാഗങ്ങളാണ് കണ്ടെടുത്തത്.
അലനെ കാണാതായതിന് രണ്ടര കിലോമീറ്റർ താഴെ നടത്തിയ തിരച്ചിലിനിടെയാണ് ശരീര ഭാഗങ്ങൾ ലഭിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഡി.എൻ.എ പരിശോധന നടത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം അലന്‍റെ മൃതദേഹത്തിനൊപ്പം ഒരു കാൽ കൂടി ലഭിച്ചിരുന്നു. ഇത് അലന്‍റേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കൂടാതെ, 35 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്‍റേതാകാൻ സാധ്യതയുണ്ടെന്ന സൂചനയും ഫൊറൻസിക് വിദഗ്ധർ നൽകിയിരുന്നു.
പ്ലാപ്പള്ളിയിൽ നടന്ന ഒരുൾപൊട്ടലിൽ 35 വയസിന് മുകളിൽ പ്രായമുള്ള ആരും മരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, പ്രദേശത്ത് അപ്രതീക്ഷിതമായി വരികയും അപകടത്തിൽ പെടുകയും ചെയ്ത ആരെങ്കിലും ഉണ്ടോ എന്ന പരിശോധന പഞ്ചായത്ത് അധികൃതർ ആരംഭിച്ചിട്ടുണ്ട്.