പനി ബാധിച്ച് മരിച്ച ആദിവാസി ബാലന്റെ മൃതദേഹം സംസ്കരിച്ചു
text_fieldsഅടിമാലി: പനിബാധിച്ച് മരിച്ച ഇടമലകുടി കൂടലാർ ആദിവാസി ഉന്നതിയിലെ മൂർത്തി - ഉഷ ദമ്പതികളുടെ മകൻ കാർത്തികിന്റെ (5) മൃതദേഹം സംസ്കരിച്ചു. കലശലായ പനിമൂലം ശനിയാഴ്ചയാണ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാർത്തിക്ക് മരിച്ചത്.
വന്യമൃഗങ്ങൾ വിഹരിക്കുന്ന കാട്ടിലൂടെ മൂന്നു മണിക്കൂറിലേറെ ചുമന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പനിയും ന്യുമോണിയയുമാണ് മരണകാരണം. ഒരാഴ്ചയായി പനി ബാധിച്ച് വീട്ടിൽ തന്നെ കഴിയുകയായിരുന്നു . യാത്രാ സൗകര്യമില്ലാതെ വന്നതാണ് ആശുപത്രിയിൽ എത്തിക്കാൻ താമസം നേരിട്ടത്.
പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റി കുടിയിൽ പ്രാഥമികാരോഗ്യ കേന്ദ്രം ഉണ്ടെങ്കിലും രണ്ട് മണിക്കൂറിലധികം വനത്തിലൂടെ സഞ്ചരിക്കണം.
ഇതിനിടെ ഞായറാഴ്ച ഇടമലകുടി പി.എച്ച്.സിയിലെ ജീവനക്കാർ വനംവകുപ്പ് സംരക്ഷണയിൽ കൂടലാർ ആദിവാസി ഉന്നതിയിലേക്ക് തിരിച്ചിട്ടുണ്ട്. വന്യമൃഗ ഭീഷണി നേരിട്ടാണ് ഇവരുടെ യാത്ര. പകർച്ചവ്യാധിക്കെതിരെ ക്യാമ്പ് നടത്തുകയാണ് ലക്ഷ്യം.
26 ആദിവാസി ഉന്നതികളാണ് ഇടമല കുടിയിലുള്ളത്. ഓരോ ഉന്നതികളും 5 മുതൽ 15 കിലോമീറ്റർ ദൂരത്തിലാണ്. കാട്ടാനയും കടുവയും പുലിയും കാട്ടുപോത്തുമൊക്കെ വിഹരിക്കുന്ന വനപ്രദേശങ്ങളാണ്. സർക്കാർ കോടികളുടെ വികസനം ഇവിടെ നടത്തുന്നുണ്ടെങ്കിലും ഒന്നും തന്നെ പ്രയോജനത്തിലെത്തുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

