ആറ്റിൽ ഓട്ടോ മറിഞ്ഞ് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
text_fieldsചെങ്ങന്നൂര്‍: അച്ചൻകോവിലാറ്റിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മക്ക് പിന്നാലെ മൂന്നു വയസ്സുകാരനായ മകനും മരിച്ചു. വെണ്മണി ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിൽ പാറച്ചന്ത വലിയപറമ്പില്‍ സൈലേഷ് കുമാറിന്റെ മകന് കാശിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച വൈകീട്ട് ആറിന് മാവേലിക്കര പൈനൂമൂട്-കൊല്ലകടവ് ചാക്കോ റോഡിൽ പനച്ചമൂട് ഭാഗത്തായിരുന്നു സംഭവം. അപകടത്തിൽ കാശിനാഥന്റെ അമ്മ ആതിര എസ്. നായർ (31) മരിച്ചിരുന്നു. കാണാതായ കുട്ടിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴിന് അപകടം നടന്ന സ്ഥലത്തിന് സമീപം അടിത്തട്ടിലെ കല്ലില്‍ കുരുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷ സേനയുടെ സ്കൂബാ സംഘം ഞായറാഴ്ച രാത്രി ഒമ്പതുവരെ തിരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച പുലർച്ച 5.30ന് പുനരാരംഭിച്ച തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
ക്ഷേത്രത്തിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ഓട്ടോ നിയന്ത്രണംതെറ്റി ആറ്റിലേക്ക് മറിഞ്ഞായിരുന്നു അപകടം. സൈലേഷ് (അനു), ഭാര്യ ആതിര എസ്. നായർ, മക്കളായ കീർത്തന (11), കാശിനാഥ്, ഓട്ടോഡ്രൈവർ ഇവരുടെ സമീപവാസിയായ ഒറ്റപ്ലാവ് നിൽക്കുന്നതിൽ ലബനോനിൽ സജു സണ്ണി (45)എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്. അപകടം കണ്ടുനിന്ന യുവാക്കൾ ഉടൻതന്നെ ശൈലേഷ്, കീർത്തന, സജു എന്നിവരെ രക്ഷപ്പെടുത്തി. പിന്നീടാണ് ആതിരയെ കണ്ടെത്താനായത്. ഉടൻ മാവേലിക്കര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.