കാണാതായ യുവാവിന്റെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി
text_fieldsപുൽപള്ളി: കാണാതായ യുവാവിന്റെ മൃതദേഹം പ്രവർത്തനം നിലച്ച ക്വാറിയിൽ കണ്ടെത്തി. മരക്കടവ് മൂന്നുപാലം കടമ്പൂർ പെരുവാഴക്കാല സാബു (45)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ മുതൽ സാബുവിനെ കാൺമാനില്ലായിരുന്നു. കാർ, മൊബൈൽ ഫോൺ എന്നിവ മരക്കടവിലെ ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് നാട്ടുകാർ തെരച്ചിൽ ആരംഭിക്കുകയായിരുന്നു.
ഫയർഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
ഭാര്യ: സ്മിനി. മക്കൾ: ദിയ, ദാൻ, ദയാൽ.
യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; അക്രമിസംഘം പിടിയിൽ
മീനങ്ങാടി: കരണിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ നാലംഗ അക്രമി സംഘത്തെ എറണാകുളത്ത് വെച്ച് മീനങ്ങാടി പൊലീസ് പിടികൂടി. എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ മന്നം കോക്കർണി പറമ്പിൽ ശരത് (34), മാഞ്ഞാലി കണ്ടാരത്ത് അഹമ്മദ് മസൂദ് (27), മന്നം കോക്കർണി പറമ്പിൽ കെ.എ. അഷ്ബിൻ (26), കമ്പളക്കാട് കല്ലപറമ്പിൽ കെ.എം. ഫഹദ് (28) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷ സംഘം പിടികൂടിയത്.
ശരത്, അഷ്ബിൻ, ഫഹദ്
സംഘത്തിൽ നിന്നും മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവർ നിരവധി കേസുകളിൽ പ്രതികളാണ്. ഈ മാസം 12ന് പുലർച്ചെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ സംഘം കരണി സ്വദേശിയും, നിരവധി കേസുകളിൽ പ്രതിയുമായ അഷ്കർ അലിയെ വീട്ടിൽ വെച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നു കളയുകയായിരുന്നു.
ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അന്വേഷണ സംഘത്തിൽ മീനങ്ങാടി ഇൻസ്പെക്ടർ എസ്.എച്ച്. ബിജു ആന്റണി, ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷ്, സബ് ഇൻസ്പെക്ടർമാരായ രാംകുമാർ, ഹരീഷ്കുമാർ, എ.എസ്.ഐ ബിജു വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ, ഫിനു എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

