Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവനൊടുക്കിയ...

ജീവനൊടുക്കിയ ആർ.എസ്.എസ് പ്രവർത്തകന്റെ മൃതദേഹം സംസ്കരിച്ചു

text_fields
bookmark_border
ജീവനൊടുക്കിയ ആർ.എസ്.എസ് പ്രവർത്തകന്റെ മൃതദേഹം സംസ്കരിച്ചു
cancel
camera_alt

തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയുടെ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുവരുന്നു. ഉൾച്ചിത്രത്തിൽ ആനന്ദ് കെ. തമ്പി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയുടെ മൃതദേഹം സംസ്കരിച്ചു. പുത്തൻകോട്ടയിലെ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.

മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് മോർട്ടത്തിനുശേഷം തൃക്കണ്ണാപുരത്തെ വീട്ടിൽ എത്തിച്ചു. പൊതുദർശനത്തിന് ശേഷം പുത്തൻകോട്ടയിലെ ശ്മശാനത്തിൽ എത്തിച്ച് സംസ്കരിക്കുകയായിരുന്നു. സേവാഭാരതിയുടെ ആംബുലൻസിലാണ് മൃതദേഹം കൊണ്ടുവന്നത്.

16ാം വയസ്സിൽ ആർഎസ്എസ് പ്രവർത്തനം തുടങ്ങിയ ആളാണ് ആനന്ദ തമ്പി. എം.ജി കോളജിൽ ബിരുദ വിദ്യാർത്ഥിയായിരി​ക്കെ ആർഎസ്എസ് മുഖ്യശിക്ഷകും കോളജ് യൂണിയൻറെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായിരുന്നു. പിന്നീട് ആർ.എസ്.എസ് പ്രചാരകായി കോഴിക്കോട് കുന്ദമംഗലം താലൂക്കിൽ മുഴുസമയ പ്രവർത്തകനായി. പിന്നീട് തിരുമല മണ്ഡൽ, തൃക്കണ്ണാപുരം മണ്ഡൽ കാര്യവാഹ്, തിരുമല മണ്ഡലത്തിന്റെ ശാരീരിക പ്രമുഖ്, തിരുമല ഉപനഗരത്തിന്റെ ശാരീരിക പ്രമുഖ്, തിരുമല ഉപ നഗരത്തിന്റെ സഹകാര്യവാഹ് തുടങ്ങിയ ചുമതലകളിൽ പ്രവർത്തിച്ചു.

മൃതദേഹം ബി.ജെ.പി പ്രവർത്തകരെയും ആർ.എസ്.എസ് പ്രവർത്തകരെയും കാണാൻ പോലും അനുവദിക്കരുതെന്ന് ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നു. ‘എൻറെ ജീവിതത്തിൽ പറ്റി ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാൾക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുത് എന്ന് ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു’ എന്നാണ് കുറിപ്പിലുള്ളത്.

രണ്ടു വർഷത്തോളമായി മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട് പ്രാദേശിക ആർ.എസ്.എസ് നേതൃത്വവുമായി ഇയാൾ വിയോജിപ്പിലായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചു. ഇതിന്റെ പേരിൽ ബിജെപി-ആർ.എസ്.എസ് പ്രാദേശിക നേതൃത്വത്തിൽ നിന്നും കടുത്ത സമർദം നേരിട്ടിരുന്നതായും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:

ഞാൻ ആനന്ദ് കെ. തമ്പി . ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉള്ള കാരണം തൃക്കണ്ണാപുരം വാർഡിലെ ബിജെപി ഏരിയ പ്രസിഡൻറ് ആയിട്ടുള്ള ആലപ്പുറം കുട്ടൻ എന്നറിയപ്പെടുന്ന ഉദയകുമാർ, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവർ ഒരു മണ്ണ് മാഫിയയാണ്. അവരുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അധികാരത്തിന്റെ ഒരു ആൾ വേണം അതിനുവേണ്ടിയിട്ടാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ (അനി) BJP സ്ഥാനാർത്ഥിയാക്കിയത്. ഞാൻ എൻറെ 16 വയസ്സു മുതൽ ആർഎസ്എസിന്റെ പ്രവർത്തകനാണ്. തുടർന്ന് എം. ജി കോളേജിൽ ബിരുദ വിദ്യാർത്ഥിയായി പഠിക്കുമ്പോൾ ഞാൻ ആർഎസ്എസിനെ മുഖ്യശിക്ഷയും കോളേജ് യൂണിയൻറെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ഒക്കെ പ്രവർത്തിച്ചിട്ടുണ്ട്. അതിനുശേഷം ആർഎസ്എസിന്റെ പ്രചാരക്കായി മുഴുവൻ സമയ പ്രവർത്തകനായി കോഴിക്കോട് കുന്നമംഗലം താലൂക്കിൽ പ്രവർത്തിച്ചു അതിനുശേഷം തിരിച്ചുവന്ന് തിരുവനന്തപുരത്ത് RSS ൻ്റെ തിരുമല മണ്ഡൽ തൃക്കണ്ണാപുരം മണ്ഡൽ കാര്യവാഹ്, തിരുമല മണ്ഡലത്തിന്റെ ശാരീരിക പ്രമുഖ തിരുമല ഉപനഗരത്തിന്റെ ശാരീരിക പ്രമുഖ തിരുമല ഉപ നഗരത്തിന്റെ സഹകാര്യവാഹ് അങ്ങനെ വിവിധ ചുമതലകളിൽ പ്രവർത്തിച്ചു. ബിജെപി സ്ഥാനാർത്ഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിന്റെ താല്പര്യം ഞാൻ ആർഎസ്എസിന്റെ ജില്ലാ കാര്യകർത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ മണ്ണും മാഫിയ സംഘം ആർഎസ്എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോൾ തൃക്കണ്ണാപുരം വാർഡിൽ എനിക്ക് ബിജെപി സ്ഥാനാർഥി ആകാൻ സാധിച്ചില്ല എന്നാൽ ഞാൻ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആർഎസ്എസ് പ്രവർത്തകരുടെ ബിജെപി പ്രവർത്തകരുടെയും മാനസികമായ സമ്മർദ്ദം എനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറത്താണ്. എൻറെ അടുത്ത സുഹൃത്തുക്കൾ പോലും എന്നിൽ നിന്ന് അകന്നു പോവുകയാണ് ചിലപ്പോൾ അത് എൻറെ സ്വഭാവത്തിന്റെ കുഴപ്പമായിരിക്കും. ഈ സാഹചര്യം മുന്നിൽകണ്ട് കഴിഞ്ഞ ആഴ്ച ഞാൻ എൻറെ ഭാര്യയോട് പറഞ്ഞു ഞാൻ ഒന്ന് മുകാംബികയിൽ പോയി കുറച്ചുദിവസം കഴിഞ്ഞിട്ടേ തിരിച്ച് വരികയുള്ളൂ എന്ന് പറഞ്ഞു ഞാൻ കരുതിയത് മൂകാംബികയിൽ പോയി കുറച്ച് ദിവസം ഭജന ഇരിക്കാം എന്നാണ്, പക്ഷേ എൻറെ ഭാര്യ ആതിര എന്നെ പോകാൻ അനുവദിച്ചില്ല ജീവിതത്തിൽ ഇന്ന് വരെ എൻറെ ഒരു കാര്യത്തിനും പിന്തുണ നൽകാതെ എന്നെ പിന്നിൽ നിന്ന് കുത്തുന്ന സ്വഭാവം മാത്രമേ എൻറെ ഭാര്യയിൽ നിന്നും എനിക്ക് ഉണ്ടായിട്ടുള്ളൂ. ഞാൻ സ്ഥാനാർത്ഥിയാവാൻ ഉള്ള താല്പര്യം പ്രകടിപ്പിച്ചപ്പോൾ അന്നുമുതൽ എന്നോട് കടുത്ത ദേഷ്യത്തോടും അമർഷത്തോടും മാത്രമേ എൻറെ ഭാര്യ എന്നോട് പെരുമാറിയിട്ടുള്ളൂ. ഈ സാഹചര്യത്തിൽ നാടിനും വീടിനും വേണ്ടാത്ത ഒരു വ്യക്തിയായി ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ആയതിനാൽ ഞാനെന്റെ ജീവിതം ഇവിടെ അവസാനിപ്പിക്കുന്നു. ഞാൻ ആത്മഹത്യ ചെയ്യുന്നു.

എൻറെ മരണാനന്തര ചടങ്ങുകൾക്ക് വേണ്ടിയുള്ള തുക എൻറെ ബെഡ്റൂമിലുള്ള മേശയുടെ അകത്തുള്ള ഒരു ബോക്സിനകത്ത് ഞാൻ വച്ചിട്ടുണ്ട്.

എൻ്റെ ബിസിനസുകളിൽ ഗുരു എണ്ടർപ്രൈസസിൽ (Paint Shop) എനിക്ക് 15 ലക്ഷം രൂപയുടെ ഓവർട്രാഫ്റ്റ് യൂണിയൻ ബാങ്കിലും 12 ലക്ഷം രൂപയുടെ ബിസിനസ് ലോൺ ബജാജ് ഫിനാൻസിലും 10 ലക്ഷം രൂപയുടെ ബിസിനസ് ലോണ് ചോളമണ്ഡലം ഫിനാൻസിലും ഉണ്ട്. ഇതേ തുടർന്ന് കൈ വായ്പയായി ഞാൻ എൻറെ അച്ഛൻറെ കയ്യിൽ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട് അതിന് ഞാൻ എല്ലാ മാസവും 6500 രൂപ വച്ച് എൻറെ അച്ഛനെ പലിശയും കൊടുക്കുന്നുണ്ട്. നാളിതുവരെ എൻറെ എല്ലാ ലോണിന്റെയും ഇഎംഐ കൾ വളരെ കൃത്യമായി ഞാൻ അടച്ചിട്ടുണ്ട്. ഗുരു അണ്ടർപ്രൈസസ് എന്ന പേരിൻറെ പെയിൻറ് കടയിൽ ഏകദേശം 30 ലക്ഷം രൂപയുടെ സ്റ്റോക്ക് ഉണ്ട് അത് വിറ്റാൽ എൻറെ കടം തീർക്കാവുന്നതേയുള്ളൂ അല്ലെങ്കിൽ തന്നെ വഞ്ചിനാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ എനിക്ക് 22 ലക്ഷം രൂപ കിട്ടാനുണ്ട് എൻറെ പേരിൽ മാത്രം. ആ 22 ലക്ഷം രൂപ കിട്ടിയാൽ ബാങ്ക് ലോൺ അടച്ച് തീർക്കാവുന്നതേയുള്ളൂ എൻറെ മരണത്തിനുശേഷം ഈ 22 ലക്ഷം രൂപ എങ്ങനെയെങ്കിലും വീണ്ടെടുത്ത് എൻറെ ലോൺ അടച്ച തീർക്കണമെന്ന് എൻറെ ബാധ്യത കൈമാറുന്ന വ്യക്തികളോട് ഞാൻ പറയുന്നു കാരണം ഞാൻ ഒരു ബാധ്യതയും ആർക്കും ഉണ്ടാക്കി വെച്ചിട്ടില്ല. ഇപ്പോൾ കിടക്കുന്ന ബാധ്യതകൾ തീർക്കാനുള്ള മുഴുവൻ തുകയും ഗുരുപ്രൈസസ് എന്ന് പറഞ്ഞ സ്ഥാപനത്തിലും അതുപോലെതന്നെ വഞ്ചിനാട് കോപ്പറേറ്റീവ് സൊസൈറ്റിയിൽ കിടക്കുന്ന FDയിലും ഉണ്ട്. ഇതിനും പുറമേ 12 ലക്ഷം രൂപ പെയിൻറ് എടുത്ത ഇനത്തിൽ എനിക്ക് കിട്ടാനുണ്ട് കടമായി വാങ്ങിക്കൊണ്ടു പോയതാണ് അതിൽ ബിജെപി ഏരിയ പ്രസിഡൻറ് ആലപ്പുറം കുട്ടൻ അറുപതിനായിരത്തി അറുനൂര്‍വ് തരാൻ ഉണ്ട് പണ്ട് എൻറെ കൈയ്യിൽ നിന്നും കൈവായ്പ വാങ്ങിയ ഇനത്തിൽ BJP കൃഷ്ണകുമാർ tipper എനിക്ക് 12000 രൂപ തരാൻ ഉണ്ട് അങ്ങനെ എനിക്ക് തരാനുള്ള പണത്തിന്റെ മുഴുവൻ ലിസ്റ്റ് ഗുരു എൻ്റെർ പ്രൈസസിന്റെ വ്യാപാർ സോഫ്റ്റ്‌വെയറിൽ കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് അത് ഗുരു എന്റർപ്രൈസസിലെ അക്കൗണ്ടൻറ് ആയിട്ടുള്ള കവിത ചേച്ചിക്ക് എനിക്ക് കിട്ടാനുള്ള തുക കൃത്യമായി അറിയാം. ഇനി എൻറെ മറ്റൊരു സ്ഥാപനം ആയിട്ടുള്ള അർബൻ കിച്ചനിൽ ഞാൻ എൻറെ ഇൻവെസ്റ്റ്മെന്റ് ആയിട്ട് 5 ലക്ഷം രൂപഇട്ടിട്ടുണ്ട് ഇതിനുപുറമേ അർബൻ കിച്ചനിൽ സാമ്പത്തിക പ്രതിസന്ധി വന്ന സമയത്ത് 6 ലക്ഷത്തി ഇരുപതിനായിരം രൂപ ഞാൻ പലതവണയായി അർബൻ കിച്ചന് വേണ്ടി ചെലവാക്കിയിട്ടുണ്ട് അതിൻറെ കണക്ക് എല്ലാ പാർട്ണനും വ്യക്തമായി അറിയാവുന്നതാണ് എൻറെ മരണശേഷം ഈ തുക എൻറെ പാർട്ണസ് എൻറെ കുടുംബത്തിൽ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. അർബൻ ടച്ച് എന്ന ബ്യൂട്ടിപാർലർ തുടങ്ങുന്നതിനു വേണ്ടി എൻറെ കയ്യിൽ നിന്നും ഞാൻ 8 ലക്ഷം രൂപ ഇൻവെസ്റ്റ്മെൻറ് ചെയ്തിട്ടുണ്ട് അത് നന്ദുവിന് കൃത്യമായി അറിയാം ആ തുകയും അല്ലെങ്കിൽ അർബൻ ടച്ചിന്റെ പാർട്ണർഷിപ്പ് എൻറെ മക്കളുടെ പേരിൽ ആക്കി കൊടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കുടുംബ ഷെയറായി എനിക്ക് തരാമെന്ന് പറഞ്ഞിട്ടുള്ള സ്വത്തുക്കൾ എൻ്റെഅച്ഛനും അമ്മയും ഇന്നുവരെ എനിക്ക് നൽകിയിട്ടില്ല ആ ഷെയർ എൻറെ മക്കളുടെ പേരിൽ എഴുതി കൊടുക്കണം എന്ന് ഞാൻ എൻറെ അച്ഛനോട് അമ്മയോടും അപേക്ഷിക്കുകയാണ്.

എൻറെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും ആ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുതെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. എൻറെ ജീവിതത്തിൽ പറ്റി ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ് ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത് അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാൾക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുത് എന്ന് ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.

ആനന്ദ് കെ. തമ്പി

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ: 1056, 0471-2552056)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rss workerRSScrematedObituary
News Summary - Body of RSS worker anand k thambi died by suicide was cremated
Next Story