കാട്ടൂരിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
text_fieldsമാരാരിക്കുളം: മത്സ്യബന്ധനത്തിനിടെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം പള്ളിത്തോട് ഭാഗത്ത് കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ വാഴക്കൂട്ടത്തിൽ അലക്സാണ്ടറിന്റെ മകൻ ഫ്രാൻസിസിന്‍റെ (ജിബിച്ചൻ - 30) മൃതദേഹമാണ് ശനിയാഴ്ച രാവിലെ വള്ളക്കാർ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലർച്ചെ കാട്ടൂർ പടിഞ്ഞാറ് കടലിൽ മത്സ്യബന്ധനത്തിനിടെ വല നീട്ടുന്നതിന് വള്ളത്തിൽനിന്നു കടലിലേക്ക് ഇറങ്ങിയപ്പോഴാണ് കാണാതായത്. കാട്ടൂരിൽ നിന്നു സുഹൃത്തുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.
കാട്ടൂരിൽ നിന്നു കടലിൽ ഒന്നരകിലോമീറ്ററോളം ദൂരെയാണ് അപകടമുണ്ടായത്. കാട്ടൂർ സ്വദേശി പി. പ്രസാദിന്റെ ഉടമസ്ഥതയിലുള്ള മാലാഖ വള്ളത്തിൽ മറ്റ് 14 പേരുമായി പോയ ജിബിൻ വല നീട്ടുന്നതിന് കടലിൽ ഇറങ്ങിയപ്പോൾ താഴുകയായിരുന്നു. ഇതുകണ്ട് മറ്റ് രണ്ട് തൊഴിലാളികൾ രക്ഷിക്കുവാനായി ചാടിയെങ്കിലും പിടിക്കുവാൻ കഴിഞ്ഞില്ല. തുടർന്ന് മറ്റ് വള്ളക്കാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയിരുന്നു. തീരസംരക്ഷണ സേനയും ഫിഷറീസ് വകുപ്പിന്റെ എൻഫോഴ്സ്മെന്‍റ് വിഭാഗവും മട്ടാഞ്ചേരിയിൽ നിന്നു സ്വകാര്യ സ്ഥാപനത്തിന്‍റെ സ്കൂബ ഡൈവിങ് വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും ജിബിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഭാര്യ: ആര്യ. മകൻ: നിഷാൻ. സംസ്കാരം ശനിയാഴ്ച വൈകുന്നേരം കാട്ടൂർ സെന്‍റ് മൈക്കിൽസ് ദേവാലയ സെമിത്തേരിയിൽ.