ഗൃഹനാഥന്റെ മൃതദേഹത്തിന് രണ്ടു ദിവസം പഴക്കം; അതേ വീട്ടിലുള്ള ഭാര്യയും മകളും അറിഞ്ഞില്ലെന്ന്
text_fieldsകണ്ണൂർ: നഗരത്തിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തളാപ്പ് നഴ്സിങ് ഹോമിന് സമീപം ലംഹയിൽ റാസിക്കിനെ (70) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്പെഷൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു.
അഴുകിയ നിലയിലായ മൃതദേഹം ഐ.ആർ.പി.സി പ്രവർത്തകരെത്തിയാണ് നീക്കം ചെയ്തത്. ഇയാളുടെ കൂടെ ഭാര്യയും മകളും താമസിക്കുന്നുണ്ട്. ഇവർ മരണ വിവരം ആരെയും അറിയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാരുമായി അത്ര സ്വരചേർച്ചയിലല്ലായിരുന്ന ഇയാൾ ഒരു മുറിയിൽ തനിച്ചായിരുന്നു താമസം. അതിനാൽ മരണപ്പെട്ട വിവരം തങ്ങൾ അറിഞ്ഞില്ലെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുവെന്ന് പൊലീസ് പറഞ്ഞു.

