മുംബൈ വാഹനാപകടം: രണ്ടു മൃതദേഹം സംസ്കരിച്ചു
text_fieldsമധുസൂദനൻ നായർ, ഉഷ, ആദിത്യ, സാജൻ നായർ, ആരവ്
മുംബൈ/തൃശൂർ: മഹാരാഷ്ട്രയിലെ സത്താറക്കടുത്ത് കരാഡിൽ ശനിയാഴ്ച വാഹനാപകടത്തിൽ മരിച്ച എറണാകുളം സ്വദേശി സാജൻ നായർ (35), മകൻ ആരവ് നായർ (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. കരാഡിൽതന്നെയാണ് ഇരുവർക്കും ചിതയൊരുക്കിയത്.
സാജെൻറ അച്ഛനും അമ്മയും ഉൾപ്പെടെ ബന്ധുക്കൾ സംഭവസ്ഥലത്തെത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്കരിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച തൃശൂർ പുല്ലഴി കാരോക്കാട്ട് മധുസൂദനൻ നായർ (54), ഭാര്യ ഉഷ (ഉമ-44), മകൻ ആദിത്യ നായർ (21) എന്നിവരുടെ ബന്ധുക്കൾ ഞായറാഴ്ച മുംബൈയിലെ ആശുപത്രിയിലെത്തി മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.
പൊലീസ് നടപടികൾ പൂർത്തിയാക്കി ആംബുലൻസിൽ തൃശൂരിലെത്തിക്കാനുള്ള സാധ്യതയാണ് തേടുന്നത്.
നവിമുംബൈയിൽനിന്ന് ഗോവയിലേക്ക് അവധി ആഘോഷിക്കാൻ പോകുന്നതിനിടയിൽ ശനിയാഴ്ച പുലർച്ച വാഹനം നിയന്ത്രണം വിട്ട് നദിയിൽ വീണാണ് അപകടമുണ്ടായത്. മരിച്ച സാജെൻറ ഭാര്യ ദീപ, മധുസൂദൻ നായരുടെ മകൾ അർച്ചന തുടങ്ങി അപകടത്തിൽ പരിക്കേറ്റ എട്ടുപേരെ നവിമുംൈബയിലെ ആശുപത്രിയിലേക്ക് മാറ്റും.