പത്തനാപുരം: ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി കല്ലടയാറ്റിൽ വീണ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കൂടൽ സ്വദേശി അപർണ (16)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെനിന്നാണ് ഫയർഫോഴ്സിന്‍റെ സ്കൂബാ സംഘം മൃതദേഹം കണ്ടെത്തിയത്.
പത്തനാപുരം മൗണ്ട് താബോര്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് അപർണ. കോന്നി കൂടല്‍ മനോജ് ഭവനില്‍ മനോജ്, സ്മിജ ദമ്പതികളുടെ മകളാണ്.
പത്തനാപുരം വെള്ളാറമണ്‍ കടവില്‍ ശനിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അപകടം. മൂന്ന് വിദ്യാര്‍ഥികളാണ് കല്ലടയാറ്റില്‍ വീണത്. ഇതിൽ സഹോദരങ്ങളായ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു.
സഹപാഠിയായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപര്‍ണ. അനുഗ്രഹയുടെ സഹോദരന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അഭിനവും ഒന്നിച്ചാണ് കല്ലടയാറിന്‍റെ തീരത്ത് ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇറങ്ങിയത്. ഇതിനിടെ അനുഗ്രഹയും അപര്‍ണയും ആറ്റില്‍ വീണു. രക്ഷപ്പെടുത്താനായി അഭിനവും ആറ്റിലേക്ക് ചാടി. ശക്തമായ ഒഴുക്കിൽ മൂന്ന് പേരും താഴേക്ക് പോയി. ആറ്റിലേക്ക് വീണ് കിടന്ന മരക്കമ്പില്‍ പിടിച്ച് അഭിനവ് രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ പാറക്കെട്ടില്‍ അവശനിലയില്‍ അനുഗ്രഹയെ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ അപര്‍ണക്കായി ആറ്റില്‍ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.