കുറ്റിക്കാട്ടിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെയെന്ന് സ്ഥിരീകരണം
text_fieldsകൊച്ചി: കളമശേരി എച്ച്.എം.ടിക്ക് സമീപം കുറ്റിക്കാട്ടിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചു. ഹൈദരാബാദ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിിയ പരിശോധനയിലാണ് സ്ഥിരീകരണം. നവംബർ 30 നാണ് കളമശേരി എച്ച്.എം.ടിക്ക് സമീപം മൃതദേഹം കണ്ടെത്തിയത്.
കുവൈത്ത് മദ്യദുരന്തത്തിൽ ഉൾപ്പെട്ട കൊൽക്കത്ത സ്വദേശിയായ സൂരജ് ലാമക്ക് ഓർമ ശക്തി നഷ്ടപ്പെട്ടിരുന്നു. ഓർമ നഷ്ടപ്പെട്ട അവസ്ഥയിൽ കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയ സൂരജ് ലാമയെ ഒക്ടോബർ ആറാം തീയതി മുതലാണ് കാണാതാവുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സൂരജ് ലാമയെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഒക്ടോബർ 10ന് ഇയാളെ അവടെ നിന്ന് കാണാതായി. സി.സി.ടി.വികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. പൊലീസ് അന്വേഷിച്ചിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് സൂരജ് ലാമയുടെ മകൻ കേരളത്തിലെത്തുകയും ഹൈകോടതിയിൽ ഹേബിയസ് കോർപസ് സമർപ്പിക്കുകയും ചെയ്തു. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് എച്ച്.എം.ടിക്ക് സമീപം മൃതദേഹം കണ്ടെത്തിയത്. സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ മകൻ സാൻ്റൻ ലാമ രംഗത്തെത്തിയിരുന്നു.
ആഗസ്റ്റ് ആദ്യം കുവൈറ്റിലുണ്ടായ മദ്യദുരന്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ മരിച്ചിരുന്നു. കുവൈറ്റിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമയും മദ്യദുരന്തത്തിൽ അകപ്പെട്ട് ആശുപത്രിയിലായിരുന്നു. ലാമയുടെ അവസ്ഥ കുടുംബം വൈകിയാണ് അറിയുന്നത്. പിതാവിനെ കൊച്ചിയിലേക്ക് കയറ്റി വിട്ടതായി ഒക്ടോബർ ഏഴിന് അറിഞ്ഞ കുടുംബം പിറ്റേന്ന് കൊച്ചിയിലെത്തി വിവരങ്ങൾ ശേഖരിച്ച് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

