അമ്മ ഉണരും മുൻപെ അവർ മടങ്ങി; കണ്ണീരോടെ യാത്രയാക്കി സഹപാഠികൾ, കാർ പൊട്ടിത്തെറിച്ച് മരിച്ച കുട്ടികളുടെ മൃതദേഹം സംസ്കരിച്ചു
text_fieldsആൽഫ്രഡ് മാർട്ടിനും എമിലിന മരിയ മാർട്ടിനും പൊൽപുള്ളി കെ.വി.എം യു.പി സ്കൂളിലെ സഹപാഠികൾ അന്തിമോപചാരം അർപ്പിക്കുന്നു
ചിറ്റൂർ (പാലക്കാട്): എന്നും കളിചിരികളുമായി ഒന്നിച്ചെത്തിയിരുന്ന സ്കൂളിലേക്ക് ഇത്തവണയും അവർ ഒന്നിച്ചാണെത്തിയത്, പക്ഷേ കരളലിയിക്കുന്ന ആ കാഴ്ച താങ്ങാനാകാതെ നാടാകെ വിതുമ്പി. ഒന്നാം ക്ലാസുകാരൻ ആൽഫ്രഡ് മാർട്ടിനും യു.കെ.ജി വിദ്യാർഥിനി എമിലിന മരിയ മാർട്ടിനും ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞ് കൂട്ടുകാർ പൊട്ടിക്കരഞ്ഞു.
പൊതുദർശനത്തിന് എത്തിച്ച മൃതദേഹം ഒരുനോക്ക് കാണാനാകാതെ അധ്യാപകർ വിതുമ്പി. സുൽത്താൻപേട്ട രൂപതക്കു കീഴിലുള്ള പൊൽപുള്ളി കെ.വി.എം.യു.പി സ്കൂൾ അങ്കണം ദുഃഖസാന്ദ്രമായി. പൊൽപുള്ളിയിലെ വീട്ടിൽ മാതാവ് എൽസി കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റു മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ സ്കൂളിന് മുൻവശത്തെ സ്റ്റേജിൽ ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് എത്തിച്ചത്.
ഒരു മണിക്കൂർ നീണ്ട പൊതുദർശനത്തിന് വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ ആയിരത്തിലേറെപ്പേർ സാക്ഷികളായി. 10.30 വരെ നീണ്ട പൊതുദർശനശേഷം മൃതദേഹങ്ങൾ അമ്പാട്ടുപാളയത്തെ പള്ളിയിൽ എത്തിച്ചു. അരമണിക്കൂറിനുശേഷം രണ്ട് ആംബുലൻസുകളിലായി ജന്മസ്ഥലമായ അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി. മാതാവ് എൽസിയുടെ വീട്ടിലെത്തിച്ച മൃതദേഹങ്ങൾ പിന്നീട് താവളം ഹോളി ട്രിനിറ്റി ദേവാലയത്തിന്റെ പാരിഷ് ഹാളിൽ പൊതുദർശനത്തിനു വെച്ചു.
പ്രദേശവാസികളും ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിന് പേർ അന്ത്യോപചാരം അർപ്പിക്കാനെത്തി. ചർച്ചിൽ നടന്ന അന്ത്യകർമങ്ങൾക്ക് പാലക്കാട് രൂപത മെത്രാൻ ഫാദർ പീറ്റർ കൊച്ചുപുരയ്ക്കൽ, ബിഷപ് എമരിത്തുസ് ഫാ. ജേക്കബ് മനത്തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി. താവളം ചർച്ചിലെ സെമിത്തേരിയിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ ഒരേ കല്ലറയിൽതന്നെ അടക്കംചെയ്തു. ഗുരുതര പൊള്ളലേറ്റ മാതാവ് എൽസി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
താങ്ങാനാകാതെ അൻവിക
കുട്ടികളുടെ മൃതദേഹം പൊൽപുള്ളി കെ.വി.എം.യു.പി സ്കൂളിൽ എത്തിച്ചപ്പോൾ ആ കാഴ്ച താങ്ങാനാകാതെ സ്വന്തം ക്ലാസ് മുറിക്കു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുപെൺകുട്ടി നൊമ്പരക്കാഴ്ചയായി. തനിക്കൊപ്പം സ്കൂളിലേക്കും തിരിച്ചും ഓട്ടോറിക്ഷയിൽ സഹയാത്രികരായിരുന്ന ആൽഫ്രഡിന്റെയും എമിലിനയുടെയും ആകസ്മിക വിയോഗം താങ്ങാനാവാതെ മൂന്നാം ക്ലാസ് വിദ്യാർഥിനി അൻവികയാണ് കരഞ്ഞ് തളർന്നത്. ആശ്വസിപ്പിക്കാനാവാതെ അധ്യാപകരും രക്ഷിതാക്കളും മൂകസാക്ഷിയായി. അൻവികയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന സഹപാഠികളുടെ കാഴ്ചയും നൊമ്പരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

