'ബോഡി ഷെയ്മിങ് സമൂഹത്തിന് ഉൾകൊള്ളാൻ കഴിയില്ല'; ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഉത്തരവിറങ്ങി
text_fieldsകൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ഏഴുവർഷത്തിൽ താഴെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി നിലപാടുകളും ബോബിക്കെതിരായ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തനിക്കെതിരായ ആരോപണങ്ങളെല്ലാം വ്യാജമാണെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹരജി നൽകിയത്.
മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. നിരന്തരം ലൈംഗികച്ചുവയോടെ ദ്വയാർഥ പ്രയോഗങ്ങൾ നടത്തുന്നയാളാണ് ഹരജിക്കാരനെന്നും പരാതിക്കാരിക്കെതിരെ പിന്നീടും ഇത് ആവർത്തിച്ചെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഹരജിക്കാരന് ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശമാകും. സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ആരാധകരുള്ളയാളാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.പ്രഥമദൃഷ്ട്യാ ഹരജിക്കാരനെതിരെ കുറ്റം ചുമത്താൻ മതിയായ ഘടകങ്ങളെല്ലാമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹരജിക്കാരൻ പരാതിക്കാരിക്കെതിരെ നടത്തിയ വാക് പ്രയോഗത്തിൽ ദ്വയാർഥമുണ്ട്. ഏത് മലയാളിക്കും അത് മനസ്സിലാവും.
നടിയായോ ഗായികയായോ സംഗീതജ്ഞയായോ കായിക, പ്രഫഷനൽ മേഖലകളിലോ പരാതിക്കാരി പ്രശസ്തയല്ല എന്നും ഹരജിയിൽ പറയുന്നു. പരാതിക്കാരിക്ക് സമൂഹത്തിലുള്ള സ്ഥാനം സംബന്ധിച്ച് ഹരജിക്കാരൻ മറ്റുള്ളവരുടെ വക്കാലത്തെടുത്ത് സംസാരിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഈ വാദം ഉന്നയിക്കുന്നില്ലെന്നും ഭാവിയിൽ ഇത്തരം പ്രയോഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടാവില്ലെന്നും ഹരജിക്കാരന്‍റെ അഭിഭാഷകർ അറിയിച്ചു. ഈ ഉറപ്പ് കോടതി രേഖപ്പെടുത്തി. തുടർന്നാണ് എല്ലാ സാഹചര്യങ്ങളും വിലയിരുത്തി കോടതി ജാമ്യം അനുവദിച്ചത്.
‘ബോഡി ഷെയിമിങ് സമൂഹം അംഗീകരിക്കുന്നില്ല’
കൊച്ചി: ബോഡി ഷെയിമിങ് സമൂഹം അംഗീകരിക്കുന്നില്ലെന്ന് ഹൈകോടതി. മറ്റൊരാളെക്കുറിച്ച് കറുത്തതാണ്, വെളുത്തതാണ്, പൊക്കം കൂടുതലാണ്, കുറവാണ്, മെലിഞ്ഞാണ്, തടിച്ചാണ് തുടങ്ങിയ പ്രയോഗങ്ങൾ നടത്തുന്നത് ഒഴിവാക്കണം. ആരും പൂർണരല്ലെന്ന ബോധമാണുണ്ടാവേണ്ടത്. നമ്മുടെയെല്ലാം ശരീരത്തിനും മനസ്സിനും ഹൃദയത്തിനും മാറ്റം വരും. അതിനാൽ, ആണായാലും പെണ്ണായാലും മറ്റുള്ളവരെ കുറിച്ച് പ്രസ്താവന നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

