ചുണ്ടൻ വള്ളപ്പെരുമയിൽ അപ്പർ കുട്ടനാട് മുന്നോട്ട് തന്നെ
text_fieldsനെഹ്രു ട്രോഫി വള്ളം കളി
പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ വിസ്മയം തീർക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന് ഇനി നിമിഷങ്ങൾ മാത്രം. ജലമാമാങ്കത്തിന്റെ ആവേശം പകരുന്ന ഈ ഉത്സവത്തിൽ, അപ്പർ കുട്ടനാടിന്റെ പങ്കാളിത്തമാണ് ഏറ്റവും ശ്രദ്ധേയം. 19 ചുണ്ടൻ വള്ളങ്ങൾ പോരിനിറങ്ങുമ്പോൾ, അതിൽ 12ഉം അപ്പർ കുട്ടനാട്ടിലെ ഗ്രാമങ്ങളിൽ നിന്നുള്ളവയാണ്. കുട്ടനാട്ടിലെ ജലോത്സവത്തിന്റെ ആത്മാവ് തന്നെ അപ്പർ കുട്ടനാട്ടിലാണെന്ന് പറയാം. ജലരാജാക്കന്മാരുടെ നാടായി അറിയപ്പെടുന്ന ഈ പ്രദേശം, വള്ളംകളി പെരുമയിൽ വളരുകയാണ്.
ചരിത്രപ്രസിദ്ധമായ കാരിച്ചാൽ ചുണ്ടൻ വള്ളത്തിന്റെ നാട് കൂടിയാണ് അപ്പർ കുട്ടനാട്. രണ്ട് ഹാട്രിക്കടക്കം 16 മത്സരങ്ങളിൽ വിജയക്കൊടി പാറിച്ച ഈ ജലരാജാവിന്റെ റെക്കോഡ് തകർക്കുക പ്രയാസം തന്നെ. കഴിഞ്ഞ വർഷവും ജലരാജാവായി മാറിയ കാരിച്ചാൽ, അപ്പർ കുട്ടനാട്ടിന്റെ അഭിമാനമാണ്. ഏറ്റവും വേഗതയെറിയ വള്ളമെന്ന റെക്കോർഡും കാരിച്ചാലിന് സ്വന്തമാണ്. വള്ളംകളി പാരമ്പര്യത്തിന്റെ ഈ ഭൂമി, കരക്കാരുടെ ഐക്യവും ഒത്തൊരുമയും കൊണ്ട് ശോഭിക്കുന്നു. പണ്ട് കരക്കാരുടെ കൈകളിൽ നിന്ന് കോർപറേറ്റ് ക്ലബുകളിലേക്ക് മാറിയെങ്കിലും, ചുണ്ടൻ വള്ളങ്ങളുടെ പെരുമ കൊണ്ട് വീയപുരവും സമീപ പഞ്ചായത്തുകളും ശ്രദ്ധ നേടുന്നു.
വീയപുരം പഞ്ചായത്ത് തന്നെ ഒരു പ്രത്യേകതയാണ്. ഇവിടെ മാത്രം എട്ട് ചുണ്ടൻ വള്ളങ്ങൾ! വീയപുരം, മേൽപ്പാടം, പായിപ്പാടൻ 2, കാരിച്ചാൽ, വെള്ളംകുളങ്ങര, ശ്രീകാർത്തികേയൻ ശ്രീ ഗണേഷ്... ഇതിനൊപ്പം ചെറുതന പഞ്ചായത്തിലെ ചെറുതന, ആനാരി, ആയാപറമ്പ് പാണ്ടി, ആയാപറമ്പ് വലിയ ദിവാഞ്ചി. കരുവറ്റായിലെ കരുവറ്റ, കരുവറ്റാ ശ്രീവിനായകൻ തുടങ്ങിയവയും അപ്പർ കുട്ടനാട്ടിന്റെ ജലശക്തിയെ പ്രതിനിധീകരിക്കുന്നു. വീയപുരത്തിന്റെ മറ്റൊരു അഭിമാനം പഞ്ചായത്തിലെ എല്ലാ കരകൾക്കും സ്വന്തം വള്ളമുണ്ട് എന്നതാണ്. ജലോത്സവ സീസൺ ആരംഭിക്കുമ്പോൾ, ഓളപ്പരപ്പിൽ വിസ്മയം രചിക്കുന്ന ജലരാജാക്കന്മാരിൽ പകുതിയും ഈ മൂന്ന് പഞ്ചായത്തുകളിലാണ്. അതിൽ അധികവും വീയപുരത്ത് നിന്നും. ഈ വള്ളങ്ങൾ നെഹ്റു ട്രോഫി ഉൾപ്പടെയുള്ള മത്സരങ്ങളിൽ ട്രോഫികൾ നേടി, മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച്, വള്ളംകളി പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയിട്ടുള്ളവയാണ്.
ഈ വർഷത്തെ നെഹ്റു ട്രോഫി മത്സരത്തിൽ അപ്പർ കുട്ടനാട്ടിൽ നിന്നുള്ള 12 ചുണ്ടൻ വള്ളങ്ങൾ ഇവയാണ്.
- വീയപുരം ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ് കൈനകരി)
- പായിപ്പാടൻ ചുണ്ടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്)
- ചെറുതന ചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്)
- കാരിച്ചാൽ ചുണ്ടൻ (കെ.സി.ബി.സി)
- മേൽപ്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
- കരുവറ്റ (ബി.ബി.എം ബോട്ട് ക്ലബ്, വൈശ്യം ഭാഗം)
- വെള്ളംകുളങ്ങര (സെന്റ് ജോസഫ് ബോട്ട് ക്ലബ്, കായൽപ്പുറം)
- കരുവറ്റ ശ്രീ വിനായകൻ (മങ്കൊമ്പ് ബോട്ട് ക്ലബ്)
- പായിപ്പാടൻ 2 (പായിപ്പാടൻ ബോട്ട് ക്ലബ്)
- ആനാരി (കൈനകരി ടൗൺ ബോട്ട് ക്ലബ്)
- ആയാപറമ്പ് പാണ്ടി (കെ.സി.ബി.സി - ബി ടീം)
ആയിരക്കണക്കിന് വള്ളംകളി പ്രേമികളുടെ ആവേശവും പ്രാർഥനയും ഏറ്റുവാങ്ങി ജലമാമാങ്കത്തിന് ഇറങ്ങുമ്പോൾ ഇക്കുറിയും നെഹ്റു ട്രോഫി അപ്പർ കുട്ടനാട്ടിലേക്ക് തന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് ഏവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

