മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും അണിനിരത്തി കടൽസമരം
text_fieldsതിരുവനന്തപുരം: കപ്പൽപാതക്കെതിരെ ഇൗ മാസം 30ന് എല്ലാ തീരദേശ സംസ്ഥാനങ്ങളിലും കടലിൽ സമരം നടത്താൻ നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം തീരുമാനിച്ചു. മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും കടലിൽ അണിനിരത്തിയാണ് സമരം നടത്തുകയെന്ന് നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ജാക്സൻ പൊള്ളയിൽ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
പരമ്പരാഗത-ചെറുകിട മീൻപിടിത്തക്കാരുടെ തൊഴിലിടം ഇല്ലാതാക്കി കടലിൽ 15 നോട്ടിക്കൽ മൈലിനപ്പുറം 20 നോട്ടിക്കൽ മൈൽ (37.5 കിലോമീറ്റർ) വീതിയിലാണ് കപ്പൽപാതക്ക് കേന്ദ്ര സർക്കാർ രൂപംനൽകുന്നത്. ഗുജറാത്തിലെ കച്ചിൽ തുടങ്ങി മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെ തമിഴ്നാട്ടിലെ കന്യാകുമാരിവരെ നീളുന്നതാണ് ഇൗ പാത.
