പ്രതിസന്ധിയിലും തളരാതെ അപ്പർ കുട്ടനാട്ടിലെ തുഴപ്പെരുമ
text_fieldsപരിശീലന തുഴച്ചിൽ നടത്തുന്ന തലവടി ചുണ്ടൻ
ഹരിപ്പാട്: വള്ളംകളിയുടെ ആവേശം അപ്പർകുട്ടനാട്ടിൽ നാൾക്കുനാൾ വർധിച്ചുവരികയാണ്. ഓരോ കളിവള്ളത്തിന്റെയും കുതിപ്പിന് പിന്നിലും വലിയ ജനസമൂഹത്തിന്റെ പിന്തുണയും ആവേശവും ഉണ്ട്. ഇതൊന്നുകൊണ്ടു മാത്രമാണ് പ്രതിസന്ധികൾക്ക് നടുവിലും ജലോത്സവം നിലനിന്നു പോകുന്നത്. ചുണ്ടൻ വള്ളങ്ങളുടെ കണക്കെടുത്താൽ അപ്പർ കുട്ടനാട്ടിൽ ആണ് അധികവും. കരക്കാരുടെ കളിയാവേശം പുതിയ ചുണ്ടൻ വള്ളത്തിന്റെ പിറവിയിലെത്തുകയാണ്. ഒരു ഗ്രാമത്തിലെ വിവിധ കൂട്ടായ്മകൾക്ക് സ്വന്തമായി വള്ളമെന്ന അവസ്ഥയെത്തിയതോടെയാണ് വള്ളങ്ങളുടെ എണ്ണം വർധിക്കുന്നത്.
കാരിച്ചാൽ, പായിപ്പാട്, വെള്ളംകുളങ്ങര, വീയപുരം ചുണ്ടൻ, ശ്രീ കാർത്തികേയൻ, ശ്രീ ഗണേശൻ, നിരണം ചുണ്ടൻ എന്നിവ വീയപുരം പഞ്ചായത്തിലെ വിവിധ കരക്കാരുടെ ചുണ്ടൻ വള്ളങ്ങളാണ്. ഇത് കൂടാതെ മേൽപ്പാടം ചുണ്ടന്റെ പണി ആരംഭിച്ചു കഴിഞ്ഞു. ആനാരി ചുണ്ടൻ, ചെറുതന ചുണ്ടൻ, ആയാപറമ്പ് വലിയ ദിവാൻജി, ആയാപറമ്പ് പാണ്ടി എന്നിവ ചെറുതന പഞ്ചായത്തിലെ വള്ളങ്ങളാണ്. കരുവാറ്റ പഞ്ചായത്തിൽ കരുവാറ്റ ചുണ്ടനും കരുവാറ്റ ശ്രീ വിനായകനുമുണ്ട്. കാർത്തികപ്പള്ളി പഞ്ചായത്തിൽ മഹാദേവി കാട് കാട്ടിൽ തെക്കേതിൽ വള്ളവും തൃക്കുന്നപ്പുഴയിൽ ദേവാസ് ചുണ്ടനും ജലമേളയ്ക്ക് എത്തുന്നുണ്ട്. തലവടി ചുണ്ടനും നിരണം ചുണ്ടനും അപ്പർ കുട്ടനാടിനെ പ്രതിനിധീകരിക്കുന്നതാണ്. ഇതിൽ ആറു വള്ളങ്ങൾ 10 വർഷത്തിനിടയിൽ പുതുതായി പിറവിയെടുത്തതാണ്.
ഒരു വള്ളംകളി സീസൺ മറികടക്കണമെങ്കിൽ ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടി വരിക. മേളകളിൽ പ്രകടനം മെച്ചപ്പെടുത്തി പ്രധാന സ്ഥാനങ്ങളിലെത്തിയ വള്ളങ്ങളുടെ സമിതികൾക്ക് സ്ഥാനം നിലനിർത്താൻ അമിത ഭാരം പേറേണ്ടിവരും. സ്വകാര്യ ചുണ്ടൻ വള്ള ഉടമകൾ 25 ലക്ഷം മുതൽ 50 ലക്ഷം വരെ രൂപ ക്ലബ്ബുകൾക്ക് നൽകിയാണ് വള്ളം മത്സരത്തിനായി നൽകുന്നത്. ചുണ്ടൻ വള്ള സമിതികൾക്കും സാമ്പത്തികം കണ്ടെത്തേണ്ടി വരുന്ന സാഹചര്യമുണ്ട്. വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കും ലക്ഷങ്ങൾ കണ്ടെത്തേണ്ടതുണ്ട്. വള്ളം നിർമാണത്തിന് ഭാരിച്ച തുക സംഭാവനയായും ഓഹരിയായും നൽകുന്ന കരക്കാർ മികച്ച ക്ലബുകളെ കൊണ്ട് ചുണ്ടൻ വള്ളം തുഴയിപ്പിക്കാനും വലിയ തുക നൽകേണ്ടിവരും.
തുഴച്ചിലിനായി ക്ലബുകൾ രൂപപ്പെട്ടതോടെ ചെലവ് ഏറി. സർക്കാറിൽനിന്നും കിട്ടുന്ന ഗ്രാന്റ് കൊണ്ടും ജനങ്ങളുടെ പിരിവുകൊണ്ടും വലിയ ഭാരം ഇല്ലാതെ കാര്യങ്ങൾ കഴിഞ്ഞു പോയിരുന്നു. ഇന്ന് സർക്കാറിൽ നിന്നും കാര്യമായി ഗ്രാന്റ് ലഭിക്കുന്നില്ലെന്ന് മാത്രമല്ല നടത്തിപ്പ് ചെലവ് ഭീമമായി വർധിക്കുകയും ചെയ്തു. ഒരു ലക്ഷം രൂപയാണ് ചുണ്ടൻ വള്ളങ്ങൾക്ക് സർക്കാറിൽ നിന്നും ഗ്രാന്റ് ആയി ലഭിക്കുന്നത്. ഒരു ദിവസത്തെ പരിശീലന തുഴച്ചിലിന്പോലും ഈ തുക മതിയാകില്ല. കുട്ടനാട്ടുകാരുടെയും അപ്പർ കുട്ടനാട്ടുകാരുടെയും കളി ആവേശം തകർക്കാൻ ഈ പ്രതിസന്ധികൾ കൊണ്ടൊന്നും കഴിയില്ല എന്നതാണ് നെഹ്റു ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന ആവേശക്കാഴ്ചകളും പുതിയ വള്ളങ്ങളുടെ പിറവിയും ബോധ്യപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

