ബി.എൽ.ഒമാർ രാത്രിയിലും വീടുകളിലെത്തും
text_fieldsതിരുവനന്തപുരം: എസ്.ഐ.ആർ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) രാത്രിയിലും ഗൃഹസന്ദർശനം നടത്തും. പകൽ ജോലി സ്ഥലങ്ങളിലുള്ളവർക്ക് എന്യൂമറേഷൻ ഫോം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ വൈകീട്ടോ രാത്രിയിലോ വീടുകളിലെത്തി അവരെ കാണാനാണ് നിർദേശം.
നഗരങ്ങളിലടക്കം വലിയൊരു ശതമാനം വീടുകളിലും പകൽ ആളില്ലാത്ത സ്ഥിതിയുണ്ട്. ഇതൊഴിവാക്കാൻ രാത്രി സന്ദർശനം ഗുണകരമാവുമെന്നാണ് കമീഷൻ വിലയിരുത്തൽ.
വീണ്ടും രാഷ്ട്രീയ പാർട്ടികളുടെ യോഗം
തിരുവനന്തപുരം: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (എസ്.ഐ.ആർ) നടപടികൾ സംസ്ഥാനത്ത് പുരോഗമിക്കുന്നു. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ശനിയാഴ്ച വീണ്ടും അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു. എന്യൂമറേഷൻ ഫോം വിതരണം പുരോഗമിക്കുന്ന ഘട്ടത്തിൽ പാർട്ടികളുടെ നിലപാടും നിർദേശങ്ങളും അറിയുകയാണ് പ്രധാന ലക്ഷ്യം. പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്താൻ ആഴ്ചതോറും ഇങ്ങനെ യോഗം ചേരണമെന്നാണ് കമീഷൻ നിലപാട്.
ഒരുവശത്ത് എസ്.ഐ.ആർ നടപടികൾ പുരോഗമിക്കുമ്പോൾ, സർവകക്ഷി യോഗ തീരുമാന പ്രകാരം മറുവശത്ത് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സംസ്ഥാനം. ബി.ജെ.പി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുന്നുണ്ട്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ച് നിൽക്കുകയാണ്.
ബി.എൽ.ഒക്ക് നേരെ നായയെ അഴിച്ചുവിട്ട് വീട്ടുടമ; ആക്രമണത്തിൽ കഴുത്തിലും മുഖത്തും പരിക്ക്
കോട്ടയം: എസ്.ഐ.ആർ വിവരശേഖരണത്തിനെത്തിയ ബി.എൽ.ഒക്ക് നേരെ നായയെ അഴിച്ചുവിട്ട് വീട്ടുടമ. നായയുടെ ആക്രമണത്തിൽ ബി.എൽ.ഒയുടെ കഴുത്തിനും മുഖത്തിനും പരിക്കേറ്റു. കോട്ടയം പാക്കിലിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. കോട്ടയം നിയമസഭ മണ്ഡലത്തിലെ 171 ബി.എൽ.ഒമാരിൽ ഒരാളാണ് പരിക്കേറ്റ ഉദ്യോഗസ്ഥ. പാക്കിലെ സി.എം.എസ് എൽ.പി സ്കൂളിലെ 123-ാം നമ്പർ ബൂത്തിലാണ് അവർ ജോലി ചെയ്തിരുന്നത്. വോട്ടർമാർക്ക് ഫോമുകൾ വിതരണം ചെയ്യുന്നതിനിടെയാണ് നായയുടെ കടിയേറ്റത്.
ഡ്യൂട്ടിയിലുള്ളപ്പോൾ പല തവണ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും സർവേ നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും ബി.എൽ.ഒ വാർത്താ ഏജൻസി എ.എൻ.ഐയോട് പറഞ്ഞു. കോട്ടയം ജില്ലക്ക് മൊത്തമായി 1500ലധികം ബി.എൽ.ഒമാരെ നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

