ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പട്ടികക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി; തൃശൂർ ഡി.സി.സി സെക്രട്ടറി രാജിവെച്ചു
text_fieldsതൃശൂർ: ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തു വന്നതിന് പിന്നാലെ തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി. തൃശൂർ ഡി.സി.സി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കൂടാതെ, പാർട്ടി നാമനിർദേശം ചെയ്ത പദവികളിൽ നിന്നും രാജിവെക്കുന്നതായി അജിത് കുമാർ അറിയിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്‍റായി പി.ജെ. ജയദീപിനെ കെ.പി.സി.സി നിയമിച്ചിരുന്നു. ഇതിലുള്ള അഭിപ്രായ വ്യത്യാസമാണ് അജിത്തിന്‍റെ രാജിയിൽ കലാശിച്ചത്. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ നോമിനിയായാണ് ജയദീപിന്‍റെ നിയമനമെന്ന് ആരോപണം.
കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് മുമ്പും അജിത്ത് രാജി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നേതാക്കൾ അനുനയിപ്പിച്ച് രാജി പിൻവലിക്കുകയായിരുന്നു. മുണ്ടത്തിക്കോട് പഞ്ചായത്ത് മുൻ പ്രസിഡന്‍റായ അജിത്ത് വടക്കാഞ്ചേരി മേഖലയിലെ കോൺഗ്രസിന്‍റെ പ്രധാന നേതാവാണ്.
നീണ്ട ചർച്ചകൾക്കൊടുവിൽ സംസ്ഥാന കോൺഗ്രസിലെ പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ അന്തിമപട്ടിക തയാറാക്കിയത്. മലപ്പുറം, തിരുവനന്തപുരം, കോട്ടയം ഒഴികെ ജില്ലകളിലെ 230 ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികക്കാണ് അന്തിമരൂപം നൽകിയത്.