എം.ജി.എസ്. നാരായണൻ ജീവിച്ചിരിപ്പില്ലെന്ന് ബി.എൽ.ഒയുടെ റിപ്പോർട്ട്; പോസ്റ്റൽ വോട്ട് ചെയ്യാനായില്ല
text_fieldsകോഴിക്കോട്: പ്രമുഖ ചരിത്രകാരൻ എം.ജി.എസ്. നാരായണൻ ജീവിച്ചിരിപ്പില്ലെന്ന് ബൂത്ത് ലെവൽ ഓഫിസറുടെ റിപ്പോർട്ട്. ഇതേത്തുടർന്ന് എം.ജി.എസിന് പോസ്റ്റൽ വോട്ട് ചെയ്യാനായില്ല. പിന്നീട്, തനിക്ക് അബദ്ധം പറ്റിയതാണെന്ന് ബി.എൽ.ഒ വ്യക്തമാക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകരും പരാതിയുമായി എത്തിയിരുന്നു.
എൺപത് വയസ് പിന്നിട്ടവർ, ഭിന്നശേഷിക്കാർ, ക്വാറന്‍റീനിലുള്ളവർ, കോവിഡ് രോഗികൾ എന്നിവർക്ക് ഇത്തവണ പോസ്റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് വീട്ടിൽ നിന്നു തന്നെ വോട്ട് രേഖപ്പെടുത്താം. 80 പിന്നിട്ട എം.ജി.എസിന് പോസ്റ്റൽ വോട്ടിന് അർഹതയുണ്ടെങ്കിലും ജീവിച്ചിരിപ്പില്ലെന്ന റിപ്പോർട്ട് കാരണം വോട്ട് രേഖപ്പെടുത്താനായില്ല.
അതേസമയം, വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് എം.ജി.എസിന് വോട്ട് ചെയ്യാൻ പോളിങ് ബൂത്തിൽ പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ജില്ല കലക്ടർ എസ്. സാംബശിവറാവു പറഞ്ഞു. മലാപ്പറമ്പ് എൽ.പി സ്കൂളിലെ ബൂത്തിലാണ് എം.ജി.എസിന് വോട്ട്.
എം.ജി.എസ്. നാരായണൻ അന്തരിച്ചതായി ആഴ്ചകൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടന്നിരുന്നു. ഇതിൽ തെറ്റിദ്ധരിക്കപ്പെട്ടാണ് ബി.എൽ.ഒ റിപ്പോർട്ട് നൽകിയത്. ബി.എൽ.ഒക്കെതിരെ മറ്റ് നടപടികളിലേക്ക് നീങ്ങിയിട്ടില്ല.
കഴിഞ്ഞ ദിവസം അയൽവാസികളായ എൺപതുകഴിഞ്ഞ രണ്ടുപേർ വോട്ട് െചയ്തപ്പോഴാണ് പ്രശ്നം ശ്രദ്ധയിൽ വന്നത്. തുടർന്നാണ് ജീവിച്ചിരിപ്പില്ലെന്ന് റിപ്പോർട്ട് നൽകിയതിനാലാണ് അവസരം നഷ്ടമായതായി വ്യക്തമായതെന്ന് എം.ജി.എസിന്റെ ഭാര്യ പ്രേമലത 'മാധ്യമ'ത്തോട് പറഞ്ഞു.