ആത്മഹത്യ ചെയ്ത ബി.എൽ.ഒക്ക് തൊഴിൽ സമ്മർദം ഉണ്ടായിട്ടില്ലെന്ന് കണ്ണൂർ കലക്ടർ: ‘നല്ല രീതിയിൽ ജോലിചെയ്യുന്നയാൾ, മരണത്തിൽ അനുശോചിക്കുന്നു’
text_fieldsകണ്ണൂർ: പയ്യന്നൂർ നിയമസഭ മണ്ഡലത്തിലെ 18ാം നമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫിസർ അനീഷ് ജോർജ് വസതിയിൽ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ തൊഴിൽ സമ്മർദമുണ്ടായിട്ടില്ലെന്നും അദ്ദേഹം നല്ല രീതിയിൽ ജോലി ചെയ്യുന്നയാളാണെന്നും ജില്ല കലക്ടർ അരുൺ കെ. വിജയൻ. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അനീഷിന്റെ കുടുംബത്തിന് എല്ലാ നഷ്ടപരിഹാരവും ലഭ്യമാക്കുമെന്നും കലക്ടർ അറിയിച്ചു.
‘തൊഴിൽ സമ്മർദമുണ്ടായതായി അനീഷ് അറിയിച്ചിട്ടില്ല. 1065 ഫോറങ്ങൾ വിതരണം ചെയ്യാൻ അദ്ദേഹത്തെ ഏൽപിച്ചിരുന്നു. ഇതിൽ 50 ഫോറങ്ങൾ മാത്രമേ വിതരണം ചെയ്യാൻ ബാക്കിയുള്ളൂ. മറ്റുള്ളവ കൃത്യമായി വിതരണം ചെയ്തിട്ടുണ്ട്. സഹായം ആവശ്യമുണ്ടോയെന്ന് ചോദിച്ച സൂപ്പർവൈസറോട് ആവശ്യമില്ലെന്നും താൻതന്നെ പൂർത്തിയാക്കുമെന്നുമാണ് അനീഷ് അറിയിച്ചത്. പൊലീസ് പരിശോധനയിലും സംശയകരമായ പരിക്കുകളോ ആത്മഹത്യ കുറിപ്പോ കണ്ടെത്തിയിട്ടില്ല’ -റിപ്പോർട്ടിൽ പറയുന്നു.
അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ കലക്ടറിൽനിന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) രത്തൻ യു. ഖേൽക്കർ റിപ്പോർട്ട് തേടിയിരുന്നു. എന്യൂമറേഷൻ ഘട്ടത്തിൽ മറ്റ് ഡ്യൂട്ടിയൊന്നും ബി.എൽ.ഒമാർക്ക് നൽകിയിട്ടില്ലെന്നും റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നുമാണ് അദ്ദേഹം രത്തൻ യു. ഖേൽക്കർ അറിയിച്ചത്.
അസേമയം, കടുത്ത സമ്മർദം താങ്ങാനാകാതെയാണ് മകന്റെ മരണമെന്ന് അനീഷ് ജോർജിന്റെ പിതാവ് ജോർജ് മാസ്റ്റർ പറഞ്ഞു. ‘ഞായറാഴ്ച രാവിലെ 10.30നാണ് മകൻ ആത്മഹത്യ ചെയ്തതായി കണ്ടത്. കടുത്ത സമ്മർദം താങ്ങാനാകാതെയാണ് അനീഷ് ജോർജിന്റെ മരണം. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കുറേ ദിവസമായി സമ്മർദ്ദത്തിലായിരുന്നു. അത് ഇത്രത്തോളമെത്തുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല. ബുദ്ധിമുട്ടുള്ള പണി ചെയ്ത് ശീലമില്ലാത്തതുകൊണ്ട് വന്നുപോയ സമ്മർദ്ധത്തിൽ നിന്നുണ്ടായതാണ് ഈ കടുംകൈ. ഒരു പരിചയവുമില്ലാത്ത വിസ്തൃതമായ മേഖലയിലെ എല്ലാവരെയും കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് മനസ്സിലാക്കുന്നത്. മരണത്തിൽ ഏതെങ്കിലും വ്യക്തികൾക്കോ സമൂഹത്തിനോ പ്രസ്ഥാനത്തിനോ ഒരു ബാധ്യതയുമില്ല’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

