അമ്മയുടെ വിയോഗത്തിനിടയിലും എസ്.ഐ.ആർ നടപടി പൂർത്തീകരിച്ച് ബി.എൽ.ഒ
text_fieldsകായംകുളം: അമ്മയുടെ വിയോഗത്തിനിടയിലും എസ്.ഐ.ആർ നടപടികൾ പൂർത്തീകരിച്ച് ബി.എൽ.ഒ. കായംകുളം കെ.പി.എ.സി ജങ്ഷന് സമീപം ബിനുചന്ദ്രനാണ് തന്നെ ഏൽപിച്ച ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയത്. കായംകുളം നിയോജക മണ്ഡലത്തിലെ 96ാം നമ്പർ ബൂത്തിലെ ബി.എൽ.ഒയാണ് ഇദ്ദേഹം.
ആറന്മുള കോഓപറേറ്റീവ് എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിഭാഗം ട്രേഡ് ഇൻസ്ട്രക്ടറായ ബിനു കഴിഞ്ഞ അഞ്ചിനാണ് വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ഫോമുകൾ വിതരണം ചെയ്തത്. മൂന്ന് ദിവസത്തിനുള്ളിൽ വിതരണം പൂർത്തീകരിച്ചു. തുടർന്ന് തിരിച്ചുവാങ്ങൽ പ്രവർത്തനം നടന്നുവരുന്നതിനിടെ 12ന് മാതാവ് കനകമ്മ മരിച്ചു. ഇവരും നേരത്തെ ബി.എൽ.ഒ ആയിരുന്നു. അമ്മയുടെ സഹായി എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളാണ് ബി.എൽ.ഒയായി ചുമതലയേൽക്കാൻ ബിനുവിന് പ്രേരണയായത്.
മാതാവിൻറെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ അടുത്ത ദിവസം മുതൽ തന്നെ തൻറെ ചുമതലയിലേക്ക് വീണ്ടും പ്രവേശിക്കുകയായിരുന്നു. എല്ലാ ഫോമുകളും തിരികെ വാങ്ങി ചൊവ്വാഴ്ചയോടെ അപ്‌ലോഡ് ചെയ്ത് പ്രവർത്തി പൂർത്തീകരിച്ചു. ബുധനാഴ്ച നടന്ന അമ്മയുടെ സഞ്ചയന ചടങ്ങുകൾക്ക് മുമ്പ് തന്റെ ചുമതല പൂർത്തീകരിക്കണമെന്ന ആഗ്രഹമാണ് ഇതിലൂടെ ബിനു നിറവേറ്റിയത്.
ബി.എൽ.ഒമാരുടെ മാസ്റ്റർ ട്രെയിനർ കൂടിയായ ബിനു തെരഞ്ഞെടുപ്പ് കമീഷൻ ഡൽഹിയിൽ നടത്തിയ പരിശീലനത്തിലും പങ്കെടുത്തിട്ടുണ്ട്. 1156 വോട്ടർമാരാണ് ബിനുവിന്റെ ചുമതലയിലുള്ളത്. ബിനു നടത്തിയ പ്രവർത്തനങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർ അടക്കമുള്ളവരും അഭിനന്ദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

