You are here

കൊച്ചി കപ്പൽശാലയിൽ പൊട്ടിത്തെറി; അഞ്ച്​ പേർ മരിച്ചു

11:36 AM
13/02/2018
കെ.ബി.ജയൻ, എം.വി.കണ്ണൻ, സി.എസ്.ഉണ്ണികൃഷ്ണൻ, എം.എം.റംഷാദ്, ജെവിൻ റെജി

കൊച്ചി: കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്കെത്തിച്ച കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചുപേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. പത്തനംതിട്ട ഏനാത്ത് ചാരുവിള വടക്കേതിൽ ജിവിൻ റെജി (26), കൊച്ചി തേവരയിൽ വാടകക്ക്​ താമസിക്കുന്ന കുറുപ്പശ്ശേരി പുത്തൻവീട്ടിൽ കെ.ബി. ജയൻ (40), തൃപ്പൂണിത്തുറ എരൂർ ചെമ്പനേഴത്ത് സി.എസ്. ഉണ്ണികൃഷ്ണൻ (46), എരൂർ വെളിയിൽ മഠത്തിപ്പറമ്പിൽ എം.വി. കണ്ണൻ (44), വൈപ്പിൻ മാലിപ്പുറം മാസുർഖ പള്ളിപ്പറമ്പിൽ എം.എം. റംഷാദ് (22) എന്നിവരാണ് മരിച്ചത്. 
ചൊവ്വാഴ്​ച രാവിലെ 9.15ഓടെ കപ്പൽശാലയിലെ ഡ്രൈഡോക്കിലാണ്​ നാടിനെ നടുക്കിയ ദുരന്തം. എണ്ണ ​പ്രകൃതിവാതക കോർപറേഷ​​െൻറ (ഒ.എൻ.ജി.സി) സാഗർ ഭൂഷൺ എന്ന കപ്പലിലെ സ്​റ്റീൽ ബല്ലാസ്​റ്റ്​ ടാങ്കിനുള്ളിലായിരുന്നു പൊട്ടിത്തെറി. കപ്പലി​െൻറ സ്ഥിരത നിലനിർത്താൻ വെള്ളം നിറക്കുന്ന ടാങ്കിലെ സ്​റ്റീൽ പ്ലേറ്റുകൾ മുറിച്ച് വെൽഡ് ചെയ്യുന്ന ജോലിയാണ് നടന്നിരുന്നത്. ഇതിന്​ ഉപയോഗിക്കുന്ന ഓക്സിജൻ അല്ലെങ്കിൽ അസെറ്റിലിൻ വാതകത്തി​െൻറ സാന്നിധ്യം ടാങ്കിലുണ്ടായിരുന്നു. വെൽഡിങ് യന്ത്രത്തിൽനിന്ന്​ തീ ഉയർന്നതോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. അഞ്ചുപേരും തൽക്ഷണം മരിച്ചു. ഉണ്ണികൃഷ്ണനും ജയനും രക്ഷാപ്രവർത്തനത്തിനിടെയാണ് അപകടത്തിൽപെട്ടതെന്ന്​ കരുതുന്നു. 
കോതമംഗലം അയിരൂർപ്പാടം സ്വദേശി ശ്രീരൂപ്, കോട്ടയം കല്ലറ സ്വദേശി സഞ്ജു, കൊല്ലം വാളകം പെരുമാനൂർ സ്വദേശി അഭിലാഷ്, തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി ജെയ്സൺ വർഗീസ്, യു.പി സ്വദശി രാജൻ റാം, എറണാക​ുളം കൊങ്ങറപ്പിള്ളി സ്വദേശി കെ.കെ. ടിൻറു, എറണാകുളം മുളവുകാട്​ സ്വദേശി പി.എക്സ്. ക്രിസ്​റ്റിൻ എന്നിവർക്കാണ് പരിക്ക്​. 50 ശതമാനത്തിലധികം പൊള്ളലേറ്റ ശ്രീരൂപി​െൻറ നില ഗുരുതരമാണ്. 
മരിച്ചവർക്ക് കപ്പൽശാല 10 ലക്ഷം രൂപ നഷ്​ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സച്ചെലവും കപ്പൽശാല വഹിക്കും. സംഭവത്തിന്​ പിന്നിൽ അട്ടിമറിസാധ്യത അധികൃതർ തള്ളിക്കളഞ്ഞു. അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥ​​െൻറ നേതൃത്വത്തിൽ സമിതി രൂപവത്​കരിച്ചതായി കപ്പൽശാല സി.എം.ഡി മധു എസ്. നായർ പറഞ്ഞു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പും ഡയറക്ടർ ജനറൽ ഒാഫ് ഷിപ്പിങ്ങും അന്വേഷിക്കും.
എണ്ണ പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗർ ഭൂഷൺ 25 വർഷമായി കൊച്ചി കപ്പൽശാലയിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഡിസംബർ ഏഴിനാണ് കപ്പൽ എത്തിച്ചത്. ജനുവരി 12ന് തുടങ്ങിയ പണി ഇൗ മാസം 28ന് പൂർത്തിയാക്കി ഡോക്കിൽനിന്ന് നീക്കാനിരിക്കുകയായിരുന്നു. കപ്പലിലെ ഇരുനൂറോളം ജീവനക്കാരിൽ ടാങ്കിലെ ജോലിക്കായി ഇരുപതോളം പേരാണുണ്ടായിരുന്നത്. 
പരേതനായ റജി^മറിയാമ്മ ദമ്പതികളുടെ മകനായ ജിവിൻ സേഫ്റ്റി അസിസ്​​റ്റൻറായിരുന്നു. ഭാര്യ: റൂബി. മകൻ: ജോഹാൻ. സംസ്​കാരം പിന്നീട്​. ഇതേ വിഭാഗത്തിൽ പുറംകരാർ തൊഴിലാളിയായിരുന്നു ജയൻ. സീനിയർ ഫയർമാനാണ്​ ഉണ്ണികൃഷ്ണൻ. സുബ്രഹ്മണ്യൻ^പദ്​​മാവതി ദമ്പതികളുടെ മകനാണ്​. ഭാര്യ: സിന്ധു. മക്കൾ ആര്യ, ആതിര. പുറംകരാർ തൊഴിലാളിയായ കണ്ണ​​െൻറ പിതാവ്​: വേലു. മാതാവ്​: പൊന്നു. ഭാര്യ: മായ. മക്കൾ: സഞ്ജന, സൻജിത്ത്. സൂപ്പർവൈസറായിരുന്ന റംഷാദ്, മുഹമ്മദ് ഷരീഫ്^റംല ദമ്പതികളുടെ മകനാണ്. സഹോദരി: ഷംസീറ. ഖബറടക്കം നടത്തി. 

COMMENTS